mask

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വിപണിയിൽ മാസ്കുകൾക്ക് ഇത്രയേറെ ഡിമാന്റ് വന്നത്. കൊവിഡിനെ ചെറുക്കാൻ മാസ്ക്കുകൾ വളരെയേറെ ഫലപ്രദമാണ് എങ്കിലും ഉപയോഗ ശേഷം മാസ്കുകൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കും. പലരും ഉപയോഗ ശേഷം മാസ്കുകൾ വലിച്ചെറിയുന്നതിലൂടെ പ്രകൃതിക്ക് ഏൽക്കുന്ന ആഘാതം ചെറുതല്ല. എന്നാൽ, കർണാടകയിലെ ഒരു പരിസ്ഥിതി സംരക്ഷകനായ നിതിൻ വാസ് കണ്ടുപിടിച്ച പുതിയ പരിസ്ഥിതി സൗഹാർദ്ദ മാസ്ക് ഉപയോഗിച്ചാൽ കൊവിഡിനെയും പേടിക്കേണ്ട,​ പ്രകൃതിക്കും ദോഷമില്ല.

ഈ വിശിഷ്ട മാസ്കിൽ പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ ഇത് ഉപയോഗിച്ച ശേഷം മണ്ണിൽ നിക്ഷേപിക്കണം. ദിവസങ്ങൾക്കുള്ളിൽ ചെടികളായി വളരാൻ പാകത്തിന് ഈ മാസ്കിൽ വിത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. കോട്ടൺ തുണികൊണ്ടാണ് മാസ്കിന്റെ ആദ്യ ലെയർ തയ്യാറാക്കിയിരിക്കുന്നത്. അകത്തെ പാളി കോട്ടൺ ലൈനിംഗ് തുണി കൊണ്ടും തുന്നിയിരിക്കുന്നു. ഇവയ്ക്കിടയിലാണ് വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. സർജിക്കൽ മാസ്കുകളും തൂവാല മാസ്കുകളും കൊവിഡിൽ നിന്ന് രക്ഷിക്കുമെങ്കിലും ഇവ മൃഗങ്ങളെയും മറ്റ് ജലജീവികളെയും ദോഷകരമായി ബാധിക്കും. കാരണം ഈ മാസ്കുകൾ പലതും കടലിലേക്കാണ് അവസാനം എത്തിച്ചേരുന്നത്. ഇവ കടലിനെ മലിനമാക്കി ജലജീവികളെ പ്രതികൂലമായി ബാധിക്കും.

ഗ്രീൻ വിസിറ്റിംഗ് കാർഡും

മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ ട്വിറ്ററിന്റെ സജീവ ഉപഭോക്താവാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ. മൃഗങ്ങളുടെയും കാടിന്റെയും വിവിധ വിഡിയോകളും ചിത്രങ്ങളും വിജ്ഞാപ്രദമായ പോസ്റ്റുകളും സ്ഥിരമായി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് പർവീൺ കാസ്വാൻ.

എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പർവീൺ കാസ്വാൻ തന്റെ പതിവ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വിസിറ്റിംഗ് കാർഡ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് സൈബർ ലോകം ഏറ്റെടുത്തിരുത്തിരുന്നു.

പേരും പദവിയും ഇമെയിൽ വിലാസവുമുള്ള വിസിറ്റിംഗ് കാർഡിൽ പറയത്തക്ക വ്യത്യസ്തമായി ഒന്നും കാണാൻ കഴിയില്ല. എന്നാൽ,​ ഈ പോസ്റ്റിന്റെ അടിക്കുറിപ്പിലാണ് കൗതുകം ഒളിപ്പിച്ചിട്ടുള്ളത്. 'ഈ വിസിറ്റിംഗ് കാർഡ് നട്ടാൽ, ഒരു തുളസി ചെടിയായി വളരും' എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. സംഗതി എന്താണെന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്?​ പ്രകൃതി സൗഹാർദ്ദ കാർഡ് എന്ന് വിളിക്കാവുന്ന ഈ വിസിറ്റിംഗ് കാർഡിൽ തുളസി ചെടിയുടെ വിത്ത് ചേർത്തിട്ടുണ്ട്.

"ഇനി മുതൽ എന്റെ ഓഫീസിലേക്ക് വരുന്ന ആർക്കും ഇത് ലഭിക്കും. നട്ടാൽ ഈ കാർഡ് മനോഹരമായൊരു ബേസൽ ചെടിയായി വളരും" എന്ന കുറിപ്പോടെയാണ് പർവീൺ കാസ്വാൻ തന്റെ വിസിറ്റിംഗ് കാർഡിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പരിസ്ഥിതി സൗഹാർദ്ദ കാർഡ് എന്ന ആശയം കസ്വാന് പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.

അതേസമയം,​ വിസിറ്റിംഗ് കാർഡ് സാധാരണഗതിയിൽ കാർഡ് ഹോൾഡറിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് പതിവ്,​ അതിനാൽ ഈ കാർഡ് ആരെങ്കിലും നട്ടു പിടിപ്പിക്കുമോ എന്ന സംശയം പലരും കമ്മന്റ് ബോക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ഈ കാർഡിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെന്നും തന്റെ ഫോൺ നമ്പർ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് കസ്വാൻ പറയുന്നത്. ചെടികൾ നട്ടുപിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കാർഡ് നിർമ്മിച്ചത്,​ തന്റെ ഓഫീസിൽ വന്നു പോകുന്നവർക്കുള്ള സമ്മാനമാണ് ഈ കാർഡെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത് വളരെ നല്ലൊരു ആശയമാണ്. വിസിറ്റിംഗ് കാർഡിനായി നാം മരം മുറിക്കുന്നു. അതേ കാർഡിൽ നിന്ന് ഒരു മരം സൃഷ്ടിക്കുന്നു എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് അഭിപ്രായപ്പെട്ടത്.