തിരുവനന്തപുരം: കൊവിഡിന്റെ ഒന്നാംഘട്ട വ്യാപനമുണ്ടായ തീരദേശ മേഖലകൾ പക്ഷേ, രണ്ടാംഘട്ടത്തിൽ വലിയൊരു ആപത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. നിലവിൽ നഗരത്തിലെ തീരമേഖലകൾ ഒഴിച്ചുള്ള വാർഡുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂന്തുറ അടക്കമുള്ള തീരദേശ മേഖലകളിൽ സാമൂഹ്യ വ്യാപനം ഉണ്ടായിരുന്നു. ഇതുകൂടാതെ ഇവിടം കേന്ദ്രീകരിച്ച് രോഗവ്യാപനം സ്ഥിരികീരിച്ചിരുന്നു.
എന്നാൽ, നിലവിലെ രണ്ടാംഘട്ട വ്യാപന സമയത്ത് തീരദേശ മേഖലകളിൽ കൊവിഡ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടില്ല. 2020ലെ സ്ഥിതി കണക്കിലെടുത്താൽ ഇപ്പോഴത്തെ വ്യാപനം താരതമ്യേന കുറവാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 300 രോഗികളുണ്ടായിരുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിൽ രണ്ടാംഘട്ടത്തിൽ ഒരാഴ്ചയ്ക്കിടെ 13 രോഗികൾ മാത്രമാണ് ഉണ്ടായത്. ഏതാണ്ട് മുന്നൂറോളം സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി എത്തിയവരായിരുന്നു. 2020ലെ കൊവിഡ് വ്യാപനത്തിന്റെ പൊതുരീതിയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സാമൂഹ്യ വ്യാപനം സ്ഥിരീകരിക്കപ്പെട്ട പൂന്തുറ, മാണിക്യവിളാകം എന്നിവിടങ്ങളിലും രണ്ടാംഘട്ട വ്യാപനം കാര്യമായി ബാധിച്ചിട്ടില്ല. നിലവിൽ മാണിക്യവിളാകത്ത് ഏഴ് രോഗികൾ മാത്രമാണുള്ളത്. എന്നാൽ, അടുത്തിടെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം വരാനുണ്ട്. അതിനാൽ തന്നെ രോഗികളുടെ എണ്ണം ഉയരാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.
2020ൽ കഠിനംകുളം പഞ്ചായത്തിലെ ഏകദേശമുള്ള എല്ലാ വാർഡുകളിലും സാമൂഹ്യ വ്യാപനം സ്ഥിരികീരിച്ചിരുന്നു. എന്നാൽ, പഞ്ചായത്തിലെ ജനങ്ങൾക്ക് മുഴുവൻ വാക്സിൻ നൽകാൻ കഴിയാത്തത് തിരിച്ചടിയായിട്ടുണ്ട്. മുൻഗണനാക്രമത്തിലുള്ളവരിൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമെ വാക്സിൻ നൽകാനായിട്ടുള്ളൂ. ക്ഷാമം വന്നതോടെ ആദ്യഘട്ട വാക്സിൻ മാത്രമെ നൽകാനായുള്ളൂ എന്നതും തിരിച്ചടി ആയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.