pathamudhayam

മേട മാസത്തിലെ സൂര്യന്റെ പ്രഭയിൽ ഇന്ന് പത്താമുദയം. പൂർവ സുകൃത സ്‌മരണകളും പാരമ്പര്യത്തിന്റെ കൈപ്പുണ്യവും കൈമുതലായുളള ഒരു തലമുറ കൃഷിക്കായി കണ്ടെത്തുന്ന ഏറ്റവും ശ്രേഷ്‌ഠമായ ദിവസം. സൂര്യൻ ഭൂമധ്യരേഖയുമായി നേർരേഖയിൽ വരുന്ന വിഷുവിന്റെ പത്താം നാളിനോട് ചേർന്ന് അവസാന വേനൽ മഴ പെയ്‌തു നീങ്ങുന്നതിനാലാണ് നാടിന്റെ കാർഷിക സംസ്‌കൃതിയിൽ പത്താമുദയത്തിനു പ്രാധാന്യം കൈവരുന്നത്.

പഴയകാല ഓർമ്മകളും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന ചിലർ തൈകൾ നട്ടാണ് പത്താമുദയത്തിലെ പ്രഭാതത്തെ വരവേറ്റത്. പത്താമുദയം തെങ്ങിന് നടീലിന്റെ കൃത്യം കാലം എന്നും വിലയിരുത്തപ്പെടുന്നു. മീനത്തിൽ തെങ്ങു നട്ടാൽ അതു നേരത്തേയാകും. ഉണക്കു നീണ്ടുനിന്നാൽ തൈ ഉണങ്ങിപ്പോയേക്കാം. ഇടവത്തിലേക്കു മാറിയാൽ തോരാത്ത മഴയിൽ തൈ ചീഞ്ഞു പോകാനും സാധ്യതയേറും. പത്താമുദയത്തിൽ ആകുമ്പോൾ ഇതുവരെ പെയ്‌ത മഴയുടെ നനവു മണ്ണിലുണ്ട്. ഒന്നോ രണ്ടോ മഴകൂടി പെയ്യുമെന്ന് ഉറപ്പുളളതിനാൽ വേരുപിടിക്കുന്ന കാര്യത്തിലും സംശയം വേണ്ട. ഇടവപ്പാതി മഴയെത്തുമ്പോഴേക്കും വേരു പിടിച്ചു കഴിയുന്നതിനാൽ പിന്നീടു തൈക്ക് നാശമുണ്ടാകില്ല.

ചെടികൾ വേരുപിടിക്കാൻ സഹായിക്കുന്ന സൂക്ഷ്‌മ കാലാവസ്‌ഥയാണ് മഴയും വെയിലും ഈർപ്പവും ചേർന്ന പത്താമുദയം. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളമെന്നു പഴമൊഴിയുണ്ട്. പക്ഷേ, പലപ്പോഴും കുംഭത്തിൽത്തന്നെ ചേനയും കാച്ചിൽ, ചേമ്പ്, കിഴങ്ങ് തുടങ്ങിയ നടുതലകളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധ വിളകളും നടാൻ കഴിയണമെന്നില്ല. നന്നായി മണ്ണു നനയുന്ന ഒരു മഴ കഴിഞ്ഞാണ് ഇവ നടേണ്ടത്. പലപ്പോഴും അത്തരം മഴ പെയ്യുന്നതു മീനമാസം വരെ വൈകിയെന്നും വരാം.നടീൽ തുടങ്ങാനായത് എത്ര വൈകിയാണെങ്കിലും തീർക്കേണ്ടതിന്റെ അവസാന തീയതിയായി പത്താമുദയത്തെ പഴമക്കാർ കണ്ടിരുന്നു. കാരണം ചെടികൾ വേരുറപ്പിച്ചു വളരാൻ വേണ്ട സൂക്ഷ്‌മകാലാവസ്ഥ മണ്ണിൽ പിന്നീട് അധികകാലം നീണ്ടുനിൽക്കില്ല എന്നതു തന്നെ.

കൃത്രിമമായ നന കൂടാതെ കൃഷിയിറക്കുന്നതിന്റെ ഏറ്റവും ശാസ്‌ത്രീയമായ സമ്പ്രദായം കൂടിയായിരുന്നു ഈ ദിവസത്തെ നടീൽ രീതി. ചേനയും മറ്റും നട്ടുകഴിഞ്ഞു മണ്ണിട്ടായിരുന്നില്ല മൂടിയിരുന്നത്. പകരം ചപ്പു ചവറുകൾ കൊണ്ടു മൂടുകയായിരുന്നു ചെയ്‌തിരുന്നത്. അതിനുമേൽ മണ്ണു തൂളിയിടുക മാത്രം ചെയ്യും. അപ്പോൾ പുതുമഴയുടെ നനവും വേനലിന്റെ ചൂടും പുതയിട്ടിരിക്കുന്ന ചവറിനുളളിലെ വായു സഞ്ചാരവും ചേർന്ന് നാമ്പു പൊട്ടാനും വേരിറങ്ങി വളരാനും വേണ്ട ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് രൂപപ്പെടുന്നത്. നന കൂടാതെ വാഴയ്‌ക്ക് കന്നു നടുന്നതും പത്താമുദയത്തിലായാൽ ഉചിതം.