covid-vaccine-challenge

തിരുവനന്തപുരം: വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് ജനങ്ങൾ. കൊവിഡ് വാക്‌സിൻ സ്വന്തമായി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയോളം രൂപയാണ് എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക എത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വാക്‌സിനുമായി ബന്ധപ്പെട്ട് തുക സംഭാവന നൽകണമെന്ന് പറഞ്ഞുകൊണ്ടുള്ള ഔദ്യോഗികമായി അറിയിപ്പോന്നും വന്നിട്ടില്ല. സോഷ്യൽ മീഡിയ വഴി വന്ന ക്യാംപയിനാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇന്നലെ ഏഴായിരത്തോളം ആളുകളിൽ നിന്നായി മുപ്പത്തിയഞ്ച് ലക്ഷം രൂപയും, ഇന്ന് ഉച്ചവരെ മാത്രം അറുപത്തിയഞ്ച് ലക്ഷത്തോളം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ.

വാക്‌സിൻ സ്വന്തമായി പണം മുടക്കി വാങ്ങിക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ സംസ്ഥാനങ്ങളോട് പറഞ്ഞിരുന്നു. എന്തുതന്നെ സംഭവിച്ചാലും കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വാക്‌സിൻ ചലഞ്ച് ആരംഭിച്ചത്.