
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സർക്കാരിന്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾക്ക് ഇൻഷ്വറൻസ് തുക നിരസിച്ചതായി പരാതി. ഗൗരീശപട്ടം സ്വദേശിയായ നന്ദഗോപാൽ ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നൽകിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഒരു സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ കൊവിഡ് രക്ഷക് ഇൻഷ്വറൻസ് പോളിസി നന്ദഗോപാൽ എടുത്തത്. 285 ദിവസത്തെ കാലാവധിക്കായി രണ്ട് ലക്ഷം രൂപയായിരുന്നു ഇൻഷ്വറൻസ് തുക. കൊവിഡ് ബാധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിച്ചാൽ ഇൻഷ്വറൻസ് തുക ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ. സെപ്തംബർ 5ന് കൊവിഡ് ബാധിച്ച നന്ദകുമാർ ഐ.എം.ജിയിലെ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സ തേടി. 17ന് നെഗറ്റീവ് ആയതോടെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒക്ടോബർ ഒന്നിന് ഇൻഷ്വറൻസ് തുകയ്ക്കായി അപേക്ഷ നൽകി. എന്നാൽ, ക്ളെയിം നിരസിച്ചതായി 26ന് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ആശുപത്രിയിൽ ആയിരുന്നില്ല ചികിത്സ തേടിയതെന്നും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലാണെന്നും അതിനാൽ ഇൻഷ്വറൻസ് അനുവദിക്കാനാകില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.
എന്നാൽ, പരാതി നൽകിയതിനെ തുടർന്ന് അപ്പീൽ നൽകാൻ കമ്പനി നിർദ്ദേശിച്ചു. ചികിത്സ പൂർണമായും സർക്കാർ നിർദ്ദേശപ്രകാരമായിരുന്നെന്നും ഇക്കാര്യത്തിൽ ആശുപത്രി തിരഞ്ഞെടുക്കാനുള്ള അവസരം തനിക്കുണ്ടായിരുന്നില്ലെന്നും അപ്പീലിൽ വ്യക്തമാക്കി. എന്നാൽ, ഐ.എം.ജി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രമാണെന്ന് ആവർത്തിച്ച കമ്പനിയുടെ ഉന്നതതല സമിതി അപ്പീൽ തള്ളുകയാണുണ്ടായത്.
സി.എഫ്.എൽ.ടി.സികളെ ആശുപത്രികളായി കാണാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരം സി.എഫ്.എൽ.ടി.സികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണെന്ന് പറയുന്നുണ്ടെന്ന് പരാതിക്കാരൻ അവകാശപ്പെടുന്നു. കമ്പനിയുടെ വാദം അംഗീകരിച്ച ഓംബുഡ്സ്‌മാനും തന്റെ പരാതി തള്ളുകയായിരുന്നെന്ന് നന്ദഗോപാൽ പറഞ്ഞു.