ന്യൂഡൽഹി: ആവശ്യത്തിന് ഓക്‌സിജൻ കിട്ടാതെ പലസംസ്ഥാനങ്ങളും ചക്രശ്വാസം വലിക്കുമ്പോൾ അതിന് അപവാദമാവുകയാണ് കേരളം. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജൻ കരുതുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം നൽകാനും കേരളത്തിന് കഴിയുന്നുണ്ട്. ഗോവയിലേക്ക് 20,000 ലിറ്റർ ദ്രവ ഓക്‌സിജനാണ് കേരളം നൽകിയത്. തമിഴ്നാട്, കർണാടകം, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിൽ ഓക്‌സിജൻ വിതരണം ചെയ്യുന്നുണ്ടെന്നാണ് സംസ്ഥാനത്തെ ഓക്‌സിജൻ വിതരണത്തിലുള്ള നോഡൽ ഓഫീസർ ആർ വേണുഗോപാൽ പറയുന്നത്. ഓക്‌സിജൻ ഉത്പാദനവും കൂട്ടിയിട്ടുണ്ട്. 2020 ഏപ്രിലിൽ മിനിട്ടിൽ 50 ലിറ്റർ ഓക്‌സിജനാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഈവർഷം അത് 1250 ലിറ്ററായി ഉയർന്നിട്ടുണ്ട്.
കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ കൊവിഡ് വാക്സിൻ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമായിരുന്നു. വിവരാവകാശ രേഖയിലൂടെ ഇക്കാര്യം വ്യക്തമായത്. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഉപയോഗശൂന്യമായത്. വാക്‌സിന്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ ഇതുമുഴുവൻ ഉപയോഗിക്കണം. ഇല്ലെങ്കിൽ ഉപയോഗശൂന്യമാകും. 44.78 ലക്ഷം ഡോസുകളാണ് മറ്റുസംസ്ഥാനങ്ങൾ ഇത്തരത്തിൽ ഉപയോഗശൂന്യമായത് റിപ്പോർട്ട്. ഏപ്രിൽ 11 വരെ വിവിധ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത് 10.34 കോടി ഡോസ് വാക്‌സിനുകളാണ്.