ചണ്ഡീഗഢ്: ഹരിയാനയിൽ ദ്രാവക ഓക്‌സിജനുമായി പോകുകയായിരുന്ന ടാങ്കർ കാണാതായി. പാനിപ്പത്തിൽ നിന്നും സിർസയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് യാത്രാ മദ്ധ്യേ കാണാതായത്. ജില്ലാ ഡ്രഗ് കൺട്രോളറുടെ പരാതിയിൻമേൽ പാനിപ്പത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച പാനിപ്പത്തിലെ പ്ലാന്റിൽ നിന്നും ദ്രാവക ഓക്‌സിജൻ നിറച്ച്, സിർസയിലേക്ക് യാത്രതിരിച്ച ടാങ്കർ ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പാനിപ്പത്ത്, മത്ലൗഡ എസ്.എച്ച്.ഒ മൻജീത് സിംഗ് പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത രാജ്യത്ത് കൂടിവരികയാണ്.
കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ ഓക്‌സിജനുമായി പോവുകയായിരുന്ന ടാങ്കർ കൊളളയടിച്ചതായി ഹരിയാന മന്ത്രി അനിൽ വിജ് ആരോപിച്ചിരുന്നു. പാനിപ്പത്തിൽ നിന്നും ഫരീദാബാദിലേക്ക് പോകുകയായിരുന്ന ടാങ്കർ ഡൽഹി സർക്കാർ അവരുടെ നിയന്ത്രണത്തിലുളള മേഖലയിൽ വെച്ച് കൊളളയടിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.