ponmudi

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ പെന്‍മുടി ടൂറിസം കേന്ദ്രം അടച്ചിടാന്‍ വനം വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസം കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് പൊന്‍മുടി ടൂറിസം കേന്ദ്രം അടച്ചിടാനുള്ള തീരുമാനം എടുത്തത്. തിങ്കളാഴ്ച മുതല്‍ വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിക്കുമെങ്കിലും നിയന്ത്രണം ഉണ്ടാകും.

കനത്ത നിയന്ത്രണത്തോടു കൂടിയാണ് പൊന്‍മുടി ടൂറിസം കേന്ദ്രം നാലു മാസം മുമ്പ് തുറന്ന് പ്രവര്‍ത്തിച്ചത്. പൊന്‍മുടി കയറ്റം കയറുന്നതിന് മുമ്പ് കല്ലാറിന് സമീപത്തെ ചെക്ക് പോസ്റ്റു മുതല്‍ തന്നെ പരിശോധന ആരംഭിക്കും. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം നാലു മണി വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. സഞ്ചാരികള്‍ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ട് മണിക്കൂര്‍ മാത്രമാണ് മലമുകളില്‍ ചിലവഴിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. വേനല്‍ മഴയുടെ പശ്ചാത്തലത്തില്‍ പൊന്‍മുടിയില്‍ നല്ല കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നതിനിടെയാണ് പുതിയ നിയന്ത്രണം.