കാഠ്മണ്ഡു: സമുദ്രതീരങ്ങൾ മുതൽ മലയുടെ മുകളിൽ വരെ മനുഷ്യ സാന്നിദ്ധ്യമുളളിടത്തെല്ലാം എത്തിയിരിക്കുകയാണ് കൊവിഡ് രോഗാണു. കരയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിന്റെ ബേസ് ക്യാമ്പിലെത്തിയ നോർവീജിയൻ പവതാരോഹകന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ലോകമാകെ അടച്ചിടേണ്ടി വന്ന കൊവിഡ് ലോക്‌ഡൗൺ മൂലം നേപ്പാളിൽ പർവതാരോഹണ രംഗത്ത് വലിയ തകർച്ചയാണ് നേരിട്ടത്. ഇതിൽ നിന്നും മുക്തമായി പുതിയ സീസൺ ആരംഭിച്ച പ്രതീക്ഷയിലായിരുന്നു നേപ്പാൾ. ഇതിനിടെയാണ് ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ രോഗാണു സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.
നോർവീജിയൻ പർവതാരോഹകനായ ഏർലെന്റ് നെസിനെ ഹെലികോപ്‌റ്ററിൽ കാഠ്‌മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിലെ ഡോക്‌ടർമാർ തന്നെ നന്നായി നോക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. തന്റെ സംഘത്തിൽ പെട്ട ഒരു ഷെർപ്പയ്‌ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നെസ് അറിയിച്ചു.
8000 അടി മുകളിൽ വെച്ചാണ് നെസിന് രോഗം സ്ഥിരീകരിച്ചത്. താഴെയെത്തിക്കാൻ വളരെ പ്രയാസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ തന്നെ എവറസ്‌റ്റ് പർവതാരോഹണം നടത്തുന്നവർക്ക് ശ്വാസതടസം ഉണ്ടാകാറുണ്ട്. ഇതിനൊപ്പം ശ്വാസകോശത്തെ ബാധിക്കുന്ന രോഗം കൂടിയാകുമ്പോൾ വളരെ വിഷമകരമായ അവസ്ഥയാണ് ഉണ്ടാകുക.
നിലവിൽ 377 പെർമിറ്റുകളാണ് നേപ്പാൾ സർക്കാർ എവറസ്‌റ്റ് പർവതാരോഹണത്തിന് നൽകിയിരിക്കുന്നത്. പർവതാരോഹകരുടെ വലിയ തിരക്കാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിനിടെ കൊവിഡ് ഭീഷണികൂടി വരുന്നതോടെ നേപ്പാളിന് പർവതാരോഹണത്തിലൂടെ ലഭിക്കേണ്ട വരുമാനത്തിൽ ഇടിവുണ്ടാകുമോയെന്ന ആശങ്കയുണ്ട്.