covid

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഫ്രാൻസും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ.

ഇന്ത്യയിൽ ഓക്സിജനും വാക്സിനടക്കമുള്ള കൊവിഡ് പ്രതിരോധ മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹായവുമായി പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം തങ്ങൾ ഉണ്ടാകുമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഈ ഘട്ടത്തിൽ നൽകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

മെഡിക്കൽ ആവശ്യത്തിനുള്ള ഓക്സിജനും കൊവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിറും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം റെംഡെസിവർ മരുന്നുകളാണ് റഷ്യയിൽ നിന്നും എത്തുന്നത്. ഒപ്പം 50000 മെട്രിക് ടൺ ഓക്സിജന്‍ സിലിണ്ടറുകളും കപ്പൽ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളിൽ ഇവ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഓക്സിജൻ നൽകാൻ തങ്ങൾ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഓക്സിജൻ ഇറക്കുമതിക്ക് ഇന്ത്യ പരിഗണിക്കുന്നത് മറ്റു രാജ്യങ്ങളെ ആണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 ഇന്ത്യയ്ക്ക് ലാഭം നോക്കാതെ സഹായം നൽകുമെന്ന് ഫൈസർ

അതേസമയം ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ലാഭം നോക്കാതെ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ച് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ ഇന്ത്യയ്ക്കായി വാക്സിനുകൾ ലാഭം കണക്കിലെടുക്കാതെ നൽകാം എന്നാണ് ഫൈസർ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലാഭം നോക്കാതെയുള്ള വിലയ്ക്ക് ഫൈസർ വാക്സിന്‍ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും,’ യു.എസ് വക്താവ് പറഞ്ഞു. അതേസമയം, ഫൈസർ എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയിൽ വാക്സിൻ നൽകുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. വികസിത - അവികസിത - വികസ്വര രാജ്യങ്ങളെ കണ്ടെത്തി അവർക്ക് വ്യത്യസ്ത വിലകളിലായിട്ടായിരിക്കും വാക്സിൻ നല്‍കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 ഇന്ത്യയ്ക്ക് സഹായം നൽകണമെന്ന് പാകിസ്ഥാൻ

കൊവിഡ് വ്യാപനം മൂലം വലയുന്ന ഇന്ത്യയ്ക്ക് ഓക്സിജൻ നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്​ അഭ്യർത്ഥിച്ച് പാക്​ ജനത.#IndiaNeedsOxygen' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിലും ട്രെൻഡിംഗായി. അഭിപ്രായ വ്യത്യാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകും. എന്നാൽ, മനുഷ്യത്വം മുൻനിറുത്തി ഇന്ത്യയ്ക്ക് സഹായം നൽകണമെന്നാണ്​ പാക്​ പൗരൻമാരുടെ ആവശ്യം.

അതേസമയം, ഇന്ത്യൻ ജനതയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍. ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകർക്ക് 50 ആംബുലൻസുകളുമായി ഇന്ത്യയിലേക്ക് പ്രവേശനാനുമതി തേടി ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്നദ്ധ സംഘത്തെ താന്‍ നയിക്കുമെന്നും ഫൈസൽ കത്തിൽ വ്യക്തമാക്കി.