bhopal

ഭോപ്പാല്‍: കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയുള്ള വിദിഷയിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. ഈ മൃതദേഹം ദഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തന്നെ കൊണ്ടു പോകുമ്പോളാണ് സംഭവമുണ്ടായത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിന്റെ വളവ് തിരിയുമ്പോള്‍ ആംബുലന്‍സിന് പിന്നിലെ ഗ്ലാസ് തകര്‍ത്തുകൊണ്ട് മൃതദേഹം റോഡിലേക്ക് തെറിച്ചു വീഴുന്നതും റോഡിലൂടെ പോകുന്ന ആളുകള്‍ അവിടേക്ക് ഓടിയെത്തുന്നതുമാണ് വീഡിയോ. കൊവിഡ് ബാധിച്ച് ആളുകള്‍ മരിക്കുകയാണെങ്കില്‍ ആ വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവം.

മദ്ധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ 12,384 പുതിയ കേസുകളും 75 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാണ്. 500 ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് ഓരോ ദിവസവും ആവശ്യമായി വരുന്നത്.