moratorium

കൊച്ചി: മോറട്ടോറിയം കാലത്ത് വായ്‌പാ ഇടപാടുകാരിൽ നിന്ന് ഈടാക്കിയ അധിക പലിശ ബാങ്കുകൾ തന്നെ തിരികെ നൽകിയേക്കും. രണ്ടുകോടി രൂപവരെ വായ്‌പകളുള്ള ഇടപാടുകാരുടെ മൊത്തം പിഴപ്പലിശയായ 6,500 കോടി രൂപ കേന്ദ്രസർക്കാരാണ് വീട്ടിയത്. രണ്ടുകോടി രൂപയ്ക്കുമേൽ വായ്‌പകളുള്ളവർക്കും പിഴപ്പലിശ തിരികെ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ബാദ്ധ്യതയാണ് ബാങ്കുകൾ ഏറ്റെടുക്കുക. ഇത് ഏകദേശം 7,500-8,000 കോടി രൂപ വരും.

നേരത്തെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) റിസർവ് ബാങ്കും ഈ ബാദ്ധ്യത ഏറ്റെടുക്കാൻ ബാങ്കുകളോട് നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം സമാന നിർദേശം കേന്ദ്ര ധനമന്ത്രാലയവും ബാങ്കുകൾക്ക് നൽകിയെന്നാണ് സൂചന. പിഴപ്പലിശ തിരിച്ചുനൽകാൻ അതത് ഡയറക്‌ടർ ബോർഡുകളുടെ നയപ്രകാരമുള്ള തീരുമാനം ഉടനെടുക്കണമെന്ന് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എൻ.ബി.എഫ്.സി) റിസർവ് ബാങ്ക് നിർദേശിച്ചതിന് പിന്നാലെ എച്ച്.ഡി.എഫ്.സി ബാങ്ക് ഇതിനായി 500 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ഐ.ബി.എയിൽ നിന്നുള്ള അന്തിമനിർദേശത്തിനായി ബാങ്ക് കാത്തിരിക്കുകയാണ്.

കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തിൽ എം.എസ്.എം.ഇ., വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, ഉപഭോക്തൃ വായ്‌പ, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവയ്ക്കായിരുന്നു കഴിഞ്ഞവർഷം മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെ റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ വായ്‌പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുമുണ്ട്.

പൊതുമേഖലാ ബാങ്കുകളിലെ മൊത്തം ഉപഭോക്താക്കളിൽ 25 ശതമാനവും മൊത്തം വായ്‌പകളിൽ 36.7 ശതമാനവും മോറട്ടോറിയം സ്വീകരിച്ചു. സ്വകാര്യ ബാങ്കുകളിൽ മോറട്ടോറിയം നേടിയ ഉപഭോക്താക്കൾ 16.4 ശതമാനവും വായ്‌പാ വിഹിതം 23.2 ശതമാനവുമാണ്. എൻ.ബി.എഫ്.സികളിൽ ഉപഭോക്തൃവിഹിതം 42.7 ശതമാനം; വായ്‌പാവിഹിതം 37.2 ശതമാനം. തിരികെനൽകേണ്ട 7,500-8,000 കോടി രൂപ ബാദ്ധ്യതയിൽ 60 ശതമാനത്തോളവും പൊതുമേഖലാ ബാങ്കുകൾക്കാണ്. ബാക്കി സ്വകാര്യ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും.

മോറട്ടോറിയവും കണക്കുകളും

മോറട്ടോറിയം നേടിയവർ

(മൊത്തം വായ്‌പാ ഇടപാടുകാരിൽ മോറട്ടോറിയം നേടിയവർ)

പൊതുമേഖലാ ബാങ്ക് : 25%

സ്വകാര്യ ബാങ്ക് : 16.4%

എൻ.ബി.എഫ്.സി : 42.7%

ബാദ്ധ്യതാവിഹിതം

(7,500-8,000 കോടി രൂപ വരുന്ന പിഴപ്പലിശ ബാദ്ധ്യത ഇങ്ങനെ)

പൊതുമേഖലാ ബാങ്ക് : 60%

സ്വകാര്യ ബാങ്ക്, എൻ.ബി.എഫ്.സി : 40%

റീഫണ്ട് ആർക്കെല്ലാം

പിഴപ്പലിശ റീഫണ്ട് ചെയ്യുമ്പോൾ മോറട്ടോറിയം പൂർണമായോ ഭാഗികമായോ സ്വീകരിച്ചവരെ മാത്രമല്ല, മോറട്ടോറിയം വേണ്ടെന്നുവച്ചവരെയും പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ, കേന്ദ്രം റീഫണ്ട് നൽകിയപ്പോഴും മോറട്ടോറിയം സ്വീകരിക്കാത്ത വായ്‌പാ ഇടപാടുകാർക്കും ഗുണം കിട്ടിയിരുന്നു.