തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് വന്ന വീഴ്‌ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നയമാണ്. സമൂഹത്തിൽ അസമത്വം സൃഷ്‌ടിക്കുന്നതാണിത്. ഈ നയം തിരുത്തി എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിൻ നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വാക്‌സിനുകളുടെ വില നോക്കിയാൽ 150 രൂപയ്‌ക്ക് കേന്ദ്രം നൽകുന്ന വാക്‌സന് സംസ്ഥാനങ്ങൾ 400 രൂപയും സ്വകാര്യ ആശുപത്രികളിൽ എത്തുമ്പോൾ പിന്നെയും വിലകൂടുന്ന അവസ്ഥയാണ് പുതിയ നയത്തിലുണ്ടാകുന്നത്. ഇത് എന്തു തരം നയമാണെന്ന് ചെന്നിത്തല ചോദിച്ചു. ഓക്‌സിജൻ ക്ഷാമത്തെ കുറിച്ചുളള മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്രം മതിയായ രീതിയിൽ പ്രവർത്തിക്കാതെ വന്നതോടെ പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ കിട്ടാതെ ജനങ്ങൾ മരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ആപത്ഘട്ടത്തിൽ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും കടമ. എന്നാൽ അത് നിറവേറ്റാതെ വാക്‌സിൻ കമ്പനികൾക്ക് കൊളളയടിക്കാൻ പൗരന്മാരെ എറിഞ്ഞുകൊടുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്നതാണ്. ആ രണ്ട് സർക്കാരുകൾക്കുമിടയിൽ വിവേചനം ഉണ്ടാക്കുന്നൊരു നയം കേന്ദ്രം എങ്ങനെ ആവിഷ്‌കരിച്ചുവെന്ന് ചെന്നിത്തല ചോദിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് ഈ നയം. വാക്‌സിൻ വിതരണത്തെ കുറിച്ചും ദൗർലഭ്യത്തെ കുറിച്ചും പരാതി ഉയരുമ്പോൾ കേന്ദ്രം ആ ചുമതല സംസ്ഥാന സർക്കാരുകളുടെ തലയിൽ കെട്ടിവച്ച് ഒളിച്ചോടുന്നു. കേന്ദ്ര നയം അനാരോഗ്യപരമായ വടംവലിയ്‌ക്ക് സംസ്ഥാനങ്ങളെ എറിഞ്ഞുകൊടുക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രണ്ടാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ട നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചില്ല. രോഗബാധയുണ്ടായാൽ ചികിത്സ ലഭിക്കാനുളള പൗരന്റെ അവകാശത്തെ നിഷേധിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.