രാജസ്ഥാൻ റോയൽസിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി മിന്നിത്തിളങ്ങി റോയൽ ചലഞ്ചേഴ്സിന്റെ മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കൽ. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയ ലക്ഷ്യം 16.3 ഓവറിൽ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടേയും (52 പന്തിൽ 101), നായകൻ വിരാട് കൊഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടേയും (47 പന്തിൽ 72) മികവിൽ ഒരുവിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ മറികടന്നു.
11ഫോറും 6 സിക്സും ഉൾപ്പെടെയാണ് വെറും 52 പന്തിൽ നിന്ന് പുറത്താകാതെ ദേവ്ദത്ത് 101 റൺസ് നേടിയത്.
ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ദേവ്ദത്ത്. രാജസ്ഥാനെതിരെ സെഞ്ച്വറി നേടുമ്പോൾ ഇരുപത് വയസും 289 ദിവസവുമായിരുന്നു ദേവ്ദത്തിന്റെ പ്രായം.
കൊവിഡ് പോസ്റ്റീവുൾപ്പെടെ ഈ സീസണിന് മുൻപ് തിരിച്ചടികളുണ്ടായിരുന്നെങ്കിലും അതിൽ നിന്നെല്ലാമുള്ള തിരിച്ചുവരവായി ദേവ്ദത്തിന് ഈ ഇന്നിംഗ്സ്. ട്വന്റി-20 ഫോർമാറ്റിന് കൊള്ളാത്ത ശൈലിയെന്ന വിമർശനങ്ങളുടെ മുനയൊടിക്കാനും ദേവ് ദത്തിനായി
ഐ.പി.എല്ലിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം രാജസ്ഥാനെതിരായ ഇന്നിംഗ്സിനിടെ കൊഹ്ലി സ്വന്തമാക്കി. 196 മത്സരങ്ങളിൽ നിന്ന് 38.35 ശരാശരിയിൽ 6021 റൺസ് കൊഹ്ലി നേടിക്കഴിഞ്ഞു. അഞ്ചു സെഞ്ചുറികളും 40 അർദ്ധ സെഞ്ച്വറികളും കൊഹ്ലിയുടെ പേരിലുണ്ട്.
ദേവ്ദത്തിന് സെഞ്ച്വറിയേക്കാൾ പ്രധാനം ആർ.സി.ബിയുടെ വിജയം ആയിരുന്നു. സെഞ്ചുറിക്കായി കാത്തിരിക്കേണ്ടെന്നും കളി ഫിനിഷ് ചെയ്യാനുമാണ് അവൻ പറഞ്ഞത്. എന്നാൽ ആദ്യം സെഞ്ചുറി എടുക്കൂ എന്ന് ഞാൻ അവനോട് പറഞ്ഞു. അതു ഇനിയും വരും എന്നായിരുന്നു അവന്റെ മറുപടി. സെഞ്ചുറി ആയശേഷം സംസാരിച്ചാൽ മതിയെന്ന് ഞാനും പറഞ്ഞു. കാരണം അവൻ ആ സെഞ്ചുറി അത്രയും അർഹിച്ചിരുന്നു.
വിരാട് കൊഹ്ലി