covid

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ പര്‍വതാരോഹകന് കൊവിഡ് സ്ഥിരീകരിച്ചു. നോര്‍വെ സ്വദേശിയായ എര്‍ലെന്‍ഡ് നെസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നെസിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്കൊപ്പമുള്ള ഷെര്‍പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. 8,000 മീറ്ററിന് മുകളിൽ നിന്ന് ഹെലികോപ്ടർ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നത് അസാദ്ധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എവറസ്റ്റിൽ നിന്നുള്ള കൊവിഡ് രോഗികള്‍ ചികിത്സ തേടിയതായി കാഠ്മണ്ഡുവിലെ സി.ഐ.ഡബ്ലി.യു.ഇ.സി. ആശുപത്രി സ്ഥിരീകരിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം ആശുപത്രി പുറത്തുവിട്ടിട്ടില്ല.

എന്നാല്‍, ഇതുവരെ പര്‍വതാരോഹകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേപ്പാൾ ടൂറിസം വകുപ്പിന്റെ വക്താവ് മീര ആചാര്യ വ്യക്തമാക്കിയത്.

സമുദ്ര നിരപ്പിൽ നിന്ന് ഉയര്‍ന്ന് സ്ഥലങ്ങളിൽ ശ്വസിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. പര്‍വതാരോഹണ സീസണ്‍ ആരംഭിക്കാനിരിക്കെ രോഗം സ്ഥിരീകരിച്ചത് നേപ്പാളിന് വെല്ലുവിളിയാകും. ഈ വര്‍ഷം 377 പെര്‍മിറ്റുകളാണ് എവറസ്റ്റ് കയറാനായി നേപ്പാൾ നൽകിയിരിക്കുന്നത്.