തൃപ്പൂണിത്തുറ: സഹോദരനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ പ്രതിയും കുടുംബവും നടത്തിയ ശ്രമം പൊലീസ് പൊളിച്ചു. എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിനെ സഹോദരൻ സുനീഷ് കുത്തിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി.
വാടകയ്ക്ക് താമസിക്കുന്ന എരൂരിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു കൊലപാതകം. അപകടത്തെ തുടർന്ന് സുമേഷിനെ കുറെനാളായി ജോലിക്ക് പോകാറില്ല. ടി.വി കണ്ടു കിടക്കുകയായിരുന്ന സുനീഷ് ചേട്ടനുമായി വഴക്കിട്ടു. വഴക്കിനിടയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സുനീഷ് കുത്തുകയായിരുന്നു. പതിനൊന്നര സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റ സുമേഷിനെ സുനീഷ് ആശുപത്രിയിലെത്തിച്ചു. വീഴ്ചക്കിടയിൽ ചില്ല് കുത്തിക്കയറിയതാണെന്നും സ്വയം കുത്തിയതാണെന്നും സുനീഷ് മാറിമാറിപ്പറഞ്ഞ് പൊലീസിനെ സംശയത്തിലാക്കി.
സ്വയം കുത്തിയാൽ ഏൽക്കുക വയറിന്റെ ഭാഗത്താണെന്നും സുമേഷിന്റെ മുറിവ് നെഞ്ചിന്റെ ഭാഗത്താണെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചു. സ്വയം കുത്തിയാൽ പതിനൊന്നര സെന്റീമീറ്റർ ആഴത്തിൽ കത്തി കയറില്ലെന്നും ഡോക്ടർ പറഞ്ഞു.
കുടുംബാംഗങ്ങൾ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയതും വാദിച്ചതും സംശയം വർദ്ധിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്. മരിച്ച സുമേഷ് പത്തോളം ക്രമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ പൊലീസിനെ ആക്രമിച്ച കേസുണ്ട്. സുനീഷും പല കേസുകളിൽ പ്രതിയാണ്. വീട്ടുകാരിൽ പലരും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തൃാക്കര എ.സി.പി. ശ്രീകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.ഐ. പ്രവീൺ സി.കെ., എസ്.ഐമാരായ ടോൾസൻ ജോസഫ്, അനില എന്നിവരും പങ്കെടുത്തു.