covisheild

ദോഹ: കൊവിഷീൽഡിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ദോഹയിലെ ഇന്ത്യൻ എംബസി ട്വിറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നു കൊവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നവർക്കും ഖത്തറിൽ ക്വാറന്റൈൻ ഇളവു ലഭിക്കും. രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞാൽ മാത്രമാണ് ക്വാറന്റൈൻ ഇളവു ലഭിക്കുക. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ആറു മാസം വരെ ഇളവു ലഭിക്കും. വാക്‌സിനേഷൻ പൂർത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും യാത്രക്കാരന്റെ കൈവശമുണ്ടായിരിക്കണമെന്ന് എംബസി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. നിലവില്‍ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, അസ്ട്രസെനക എന്നീ വാക്‌സിനുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ലത്. അതേസമയം, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നവീകരിച്ച യാത്രാ, പ്രവേശന വ്യവസ്ഥകൾ പ്രകാരം ഞായറാഴ്ച മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റും ഹാജരാക്കണം. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും വ്യവസ്ഥ ബാധകമാണ്. പുറപ്പെടുന്ന രാജ്യങ്ങളിലെ സർക്കാർ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ സർട്ടിഫിക്കറ്റ് വേണം ഹാജരാക്കാൻ.