ആലുവ: ദേശീയപാത ബൈപാസിലെ സർവീസ് റോഡിൽ നിറുത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ചു. ഉളിയന്നൂർ റോഡിന് സമീപം ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പോളി ഫ്രാൻസിസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് നഷ്ടമായത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. പോളി വാഹനം തിരക്ക് കുറഞ്ഞ ഭാഗത്ത് നിറുത്തിയ ശേഷം സമീപത്തെ കടയിൽ പോയതാണ്. 20 മിനിറ്റിനകം തിരിച്ചുവന്നപ്പോഴാണ് ബാറ്ററി ഊരിയെടുത്തതായി കാണപ്പെട്ടത്. സമീപത്തെ സ്ക്രാപ്പ് കടയിൽ അന്വേഷിച്ചപ്പോൾ ഒരാൾ ബാറ്ററിയുമായി വന്നിരുന്നെന്നും തങ്ങൾ അത് വാങ്ങിയില്ലെന്നും അവർ പറഞ്ഞു. സമീപത്തെ സി.സി.ടി.വി കാമറകളിൽ ബാറ്ററി ഊരിയെടുത്ത് കൊണ്ടുപോകുന്ന ദൃശ്യമുണ്ട്. സംഭവം നടന്നയുടൻ ആലുവ പൊലീസിനെ അറിയിച്ചെങ്കിലും പരാതി എഴുതി നൽകാനായിരുന്നു നിർദ്ദേശം. തുടർന്ന് ഐ.എൻ.ടി.യു.സി തൊഴിലാളികൾ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ആലുവ മുനിസിപ്പൽ ടൗൺ ഹാളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന നഗരസഭയുടെ മിനി ലോറിയുടെ പുതിയ ബാറ്ററിയും മോഷണം പോയിരുന്നു. അർബൻ ബാങ്കിന് താഴെ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷയിൽ നിന്ന് പണം നഷ്ടമായ സംഭവവുമുണ്ടായി. ഈ കേസുകളിലും പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. കൊറോണ പ്രതിസന്ധിക്കിടയിൽ മോഷ്ടാക്കൾ നഗരത്തിൽ അഴിഞ്ഞാടുകയാണെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ്ജ് ആരോപിച്ചു.