counting-day

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി സംവിധായകൻ ഡോ. ബിജു. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴിയാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥികൾക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണമെന്നും എണ്ണം കൂടുകയാണെങ്കിൽ പിഴ ചുമത്തണമെന്നും അദ്ദേഹം പറയുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകുമോ എന്നും രാഷ്ട്രീയക്കാർക്ക് മാത്രം കൊറോണ പ്രൊട്ടക്കോൾ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ എന്നും ചോദിച്ചുകൊണ്ടാണ് സംവിധായകൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'മെയ് 2 ലോക്ക്ഡൗൺ പ്രഖ്യാപിക്കണം. അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണം. എന്ത് കാര്യത്തിന് ആണ് പുറത്തിറങ്ങുന്നത് എന്നതിന് സത്യവാങ്മൂലം നൽകണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥികൾക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണം. എണ്ണം കൂടിയാൽ പിഴ ഈടാക്കണം. വിജയാഘോഷങ്ങൾ, റാലികൾ എന്നിവ ആൾക്കൂട്ടം ചേർന്നു നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം.

തിരത്തെടുപ്പ് വിജയവും പരാജയവും ഒക്കെ അറിഞ്ഞാൽ മതിയല്ലോ. അത് അറിയിക്കാൻ ഇവിടെ ഇപ്പോൾ ആവശ്യത്തിലുമധികം വാർത്താ ചാനലുകൾ ഉണ്ട് . വീട്ടിലിരുന്ന് വിവരങ്ങൾ അപ്പപ്പോൾ അറിയാം. അല്ലാതെ വിജയവും പരാജയവും ആഘോഷിക്കാൻ കൂട്ടം കൂടി റോഡിലിറങ്ങി കൊറോണ പരത്തേണ്ടതില്ലല്ലോ. പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഒന്നും ഇപ്പോൾ പൊതു നിരത്തിൽ ആവശ്യമില്ല.

അപ്പോൾ ചോദ്യം ഇതേയുള്ളൂ. മെയ് 2ന് പൊതു ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറുകുമോ. അതോ രാഷ്ട്രീയക്കാർക്ക് മാത്രം കൊറോണ പ്രൊട്ടക്കോൾ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ. ഇപ്പോൾ കാറിൽ മാസ്‌കില്ലാത്തവരെ പോലും ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് ശൗര്യം മെയ് 2 ന് വമ്പൻ രാഷ്ട്രീയ ജാഥകൾക്ക് മുൻപിൽ കാവലായി നടക്കുന്ന വിനീത വിധേയർ ആയി മാറുമോ.'

content highlight: dr biju says lockdown should be implenmented on may 2.