മുംബയ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിഗരറ്റ്, ബീഡി വിൽപ്പന താൽക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ കണക്കും ആരാഞ്ഞു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സർക്കാറുകൾ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പുകവലിക്കാരിൽ കൊവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുളള വിവരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പബ്ലിക് ഡൊമൈനുകളിൽ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഒരു പ്രശ്നമാണെങ്കിൽ, പൗരൻമാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഈ പകർച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വിൽപ്പന നിരോധിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് ബാധിതർക്ക് റെംഡെസിവിർ മരുന്ന് ലഭ്യമാക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു. മരുന്നിനായി രോഗികളോ ബന്ധുക്കളോ അലയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് പ്രോട്ടോക്കോൾ പൗരൻമാർ കർശനമായി പാലിക്കേണ്ട ആവശ്യകതയെപ്പറ്റിയും കോടതി പരാമർശിച്ചു.
മുംബൈയിലെ അഭിഭാഷകൻ സ്‌നേഹ മർജാദി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരം പരാമർശം നടത്തിയിരിക്കുന്നത്. റെംഡെസിവിർ മരുന്നിന്റെ ദൗർലഭ്യം, ഓക്സിജൻ വിതരണത്തിലെ കുറവ്, കൊവിഡ് ബെഡ് മാനേജ്‌മെന്റ്, ആർ.ടിപി.സി.ആർ-റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്താനുള്ള കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.