ചെന്നൈ: തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം കിംഗ്സ് ഇലവൻ പഞ്ചാബ് വിജയവഴിയിൽ. ഇന്നലെ നടന്ന മത്സരത്തിൽ അവർ നിലവിലെ ചാമ്പ്യൻമാരായ മുംബയ്യെ 9 വിക്കറ്റിന് തകർത്തു.ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസിന് നേടാനായത്. നിശ്ചത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ്.
മറുപടിക്കിറങ്ങിയ പഞ്ചാബ് 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (132/1).ക്യാപ്ടൻ കെ.എൽ.രാഹുലും (60), ക്രിസ് ഗെയ്ലും (43) അവരെ അനായാസം വജയലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മായങ്ക് അഗർവാളിന്റെ (25) വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ടമായത്.
നേരത്തേ കൃത്യതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ വമ്പനടിക്കാർ നിറഞ്ഞ മുംബയ്യെ വലിയ സ്കോറിലേക്ക് പോകാതെ തടയുകയായിരുന്നു. മോയിസസ് ഹെൻറിക്കസിനേയും പാർട്ട് ടൈം സ്പിന്നർ ദീപക് ഹൂഡയേയും ആദ്യ ഓവറുകളിൽ കൊണ്ടു വന്നാണ് പഞ്ചാബ് ക്യാപ്ടൻ രാഹുൽ മുംബയ്ക്ക് മൂക്കുകയറിട്ടത്. പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്നത് മുംബയ്ക്ക് വലിയ തിരിച്ചടിയായി. 52 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 63 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയാണ് മുംബയുടെ ടോപ് സ്കോറർ. ക്വിന്റൺ ഡി കോക്കിനെ (3) ഹെൻറിക്കസിന്റെ കൈയിൽ എത്തിച്ച് ദീപക് ഹൂഡയാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഇഷാൻ കിഷനും (6) വൈകാതെ രവി ബിഷ്ണോയിക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (27 പന്തിൽ 33) രോഹിതിനൊപ്പം മുംബയ്യെ തകർച്ചയിൽ നിന്ന് കരകയറ്റി. 26/2 എന്ന നിലയിൽ ഒന്നിച്ച ഇരുവരും 105ൽ വച്ചാണ് പിരിയുന്നത്. സൂര്യയെ ഗെയ്ലിന്റെ കൈയിൽ എത്തിച്ച് ബിഷ്ണോയിയാണ് കൂട്ടുകെട്ട് തകർത്തത്. അടുത്ത ഓവറിൽ രോഹിതിനെ ഷമിയും മടക്കിയതോടെ മുംബയ്ക്ക് വമ്പൻ സ്കോർ കണ്ടെത്താനാകാതെ വരികയായിരുന്നു.
ഐ.പി.എല്ലിൽ ഇന്ന്
രാജസ്ഥാൻ - കൊൽക്കത്ത
(രാത്രി 7.30 മുതൽ)