'എനിക്ക് ശ്വാസം മുട്ടുന്നു...' കഴിഞ്ഞ വർഷം ലോകമനസാക്ഷിയെ ഞെട്ടിച്ച വാക്കുകളാണിത്. അമേരിക്കൻ പൊലീസുദ്യോഗസ്ഥനായിരുന്ന ഡെറക് ഷോവന്റെ കാൽമുട്ടുകളിൽ കഴുത്ത് അമർന്ന് പ്രാണവായുവിന് വേണ്ടി നിലവിളിച്ച കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ളോയ്ഡിന്റെ അവസാന വാക്കുകൾ. ഒരിറ്റ് ശ്വാസത്തിനായി കേണ ജോർജ്ജിന്റെ വിലാപം അമേരിക്കൻ ജനത ഏറ്റെടുത്തു. മറ്റ് ലോകരാജ്യങ്ങളിലേക്ക് അത് പടർന്നു. കറുത്തവന്റെ ജീവനും വിലയുണ്ടെന്ന് അവർ ഉറക്കെ പറഞ്ഞു. ബ്ളാക്ക് ലൈവ്സ് മാറ്റർ വൻ പ്രക്ഷോഭമായി. വർണവെറി പൂണ്ട മനസുകളെ അത് പിടിച്ചുലച്ചു. സമരക്കാരും പൊലീസുമായുള്ള സംഘർഷത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞു. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന് അധികാരത്തിൽ രണ്ടാമതൊരു ചാൻസ് ലഭിക്കാതിരുന്നതിന് പിന്നിലും ഈ സമരത്തിന്റെ അലയൊലികൾ കേൾക്കാം.
ആ പ്രക്ഷോഭത്തിന് കാലം കാത്തുവച്ച നീതിയാണ് കഴിഞ്ഞ ദിവസം മിനിയാപൊളിസ് കോടതി പുറത്തുവിട്ട വിധി. ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവൻ (45) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. എട്ട് ആഴ്ചയ്ക്കകം ശിക്ഷ വിധിക്കും.
കോടതിയുടെ പുറത്ത് വിധി കേൾക്കുന്നതിനായി വൻജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കോടതി വിധിയിൽ ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു. അക്രമത്തിനും വർണവെറിയ്ക്കും എതിരായ വിജയമെന്ന് വിലയിരുത്തപ്പെട്ടു.
ആ കറുത്ത ദിനം
2020 മേയ് 25 മിനിയപൊളിസിലെ തെരുവിൽ സായാഹ്ന സവാരിയ്ക്കിറങ്ങിയ ജോർജ് ഫ്ലോയ്ഡ് (46) ഒരു കടയിൽനിന്നു 20 ഡോളർ നൽകി സിഗരറ്റ് വാങ്ങുന്നു. എന്നാൽ ഫ്ലോയ്ഡ് നൽകിയത് കള്ളനോട്ടാണെന്നു സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി ഫ്ലോയ്ഡിനെ അറസ്റ്റു ചെയ്തു. താൻ നിരപരാധിയാണെന്നുള്ള ഫ്ലോയിഡിന്റെ വാദങ്ങൾ പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ഷോവൻ കാറിനോടു ചേർത്തു നിലത്തുകിടത്തി ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തുന്നു.
'എനിക്ക് ശ്വസിക്കാനാവുന്നില്ല, ദയവായി എന്നെ വിടൂ' എന്നിങ്ങനെ ഫ്ലോയ്ഡ് നിലവിളിച്ചു. ഫ്ലോയിഡിനെ ഉപദ്രവിക്കരുതെന്ന് ജനങ്ങൾ പറഞ്ഞിട്ടും, ഷോവൻ അത് ചെവിക്കൊണ്ടില്ല. എട്ടു മിനിറ്റോളം നീണ്ട ബലപ്രയോഗത്തിനൊടുവിൽ ഫ്ലോയ്ഡ് മരണത്തിനു കീഴങ്ങി.
ബ്ലാക്ക് ലൈവ്സ് മാറ്റർ
ഫ്ലോയ്ഡിന്റെ മരണത്തിന് ശേഷം കറുത്ത വർഗ്ഗക്കാരോടുള്ള ക്രൂരതയ്ക്കെതിരെ ലോകമെമ്പാടും ആഞ്ഞടിച്ച പ്രതിഷേധ പ്രകടനമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. മരിക്കുന്നത് മുൻപ് ഫ്ലോയ്ഡ് പറഞ്ഞ 'ഐ കാന്റ് ബ്രീത്ത്" എന്ന വാചകം പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറി. അമേരിക്കയിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രായ-വംശ -വർഗ ഭേദമന്യേ ജനങ്ങൾ വർണവെറിയ്ക്കെതിരെ അണിനിരന്നു. അമേരിക്കയിൽ പലയിടത്തും പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി. സിനിമ താരങ്ങളടക്കമുള്ള പ്രഗത്ഭരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഡെറക് - വർണവെറി പൂണ്ട പിശാച്
19 വർഷമായി പൊലീസ് സേനയിൽ അംഗമായിരുന്നു ഡെറക് ഷോവൻ. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനാണ് അന്വേഷണം നടത്തിയത്. ഡെറക് ഉൾപ്പെടെ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്സാണ്ടർ കുവെംഗ്, തോമസ് കെ ലെയ്ൻ എന്നിവരാണ് മറ്റ് പ്രതികൾ.
കോടതി നടപടികൾ നടക്കുമ്പോഴോ അതിന് ശേഷം വിധി പ്രഖ്യാപിക്കുമ്പോഴോ ഒരിക്കൽ പോലും ഡെറക് ഷോവന്റെ കുടുംബാംഗങ്ങൾ മിനിയപൊളിസ് കോടതിയിൽ എത്തിയിരുന്നില്ല. മിസ് മിനസോട്ടയായിരുന്ന കെല്ലിയായിരുന്നു ഡെറകിന്റെ ഭാര്യ. പത്തുവർഷം നീണ്ടു നിന്ന ദാമ്പത്യം ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞയുടൻ കെല്ലി അവസാനിപ്പിക്കുകയായിരുന്നു. ഡെറകിന്റെ മാതാപിതാക്കൾ അയാൾക്ക് ഏഴ് വയസുള്ളപ്പോൾ ബന്ധം വേർപിരിഞ്ഞിരുന്നു. പിരിയും മുമ്പ് കുടുംബവീട് ആവശ്യപ്പെട്ട് മാതാവ് കേസ് നൽകിപ്പോൾ ഷോവന്റെ സഹോദരിയുടെ പിതൃത്വ പരിശോധന നടത്തണമെന്നായിരുന്നു കോടതിയിൽ പിതാവിന്റെ പ്രതികരണം. പരിശോധനയിൽ കുഞ്ഞ് തന്റേതല്ലെന്ന് അറിഞ്ഞതോടെ പിതാവ് പോയി. സഹോദരി മാതാവിനോടൊപ്പമായി. ഷോവനെ വളർത്തിയത് വല്ല്യമ്മയായിരുന്നു. ഷോവൻ അഞ്ചു വർഷത്തിനിടെ നാലു സ്കൂളുകൾ മാറി. അധികം സംസാരിക്കാത്ത പ്രകൃതമായ ഷോവന് സുഹൃത്തുക്കളും കുറവായിരുന്നു. ആദ്യം കുശനിക്കാരനായിരുന്നു ഷോവൻ. പിന്നീട്, ജർമനിയിലെ യു.എസ് സൈനിക താവളത്തിൽ ജോലി ലഭിച്ചു. അതിന് ശേഷം, പരീക്ഷയെഴുതി പൊലീസിൽ കയറി. ഒരു പ്രതിയുടെ വൈദ്യ പരിശോധനക്കായി മിനിയാപോളിസിലെ മെഡിക്കൽ സെന്ററിലെത്തിയപ്പോഴാണ് കെല്ലിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഷോവൻ ജോർജ് ഫ്ലോയ്ഡിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഇതോടെ, കെല്ലി വിവാഹ മോചനം തേടുകയാണെന്ന് അറിയിച്ചു.
ഡാർണെല്ല- ധീരയായ പെൺകുട്ടി
ഫ്ലോയ്ഡിന്റെ കൊലപാതകം ഇത്ര മേൽ പ്രകമ്പനം സൃഷ്ടിക്കാൻ കാരണമായത് ഡാർണെല്ല ഫ്രേസർ 17കാരി എടുത്ത ഒരു വീഡിയോയാണ്.
ഡാർണെല്ല തന്റെ ബന്ധുവിനോടൊപ്പം സമീപത്തെ സ്റ്റോറിലേക്ക് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് പൊലീസുകാർ ഒരു കറുത്ത വംശജനെ വളയുന്നതും പിന്നീട് കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിക്കുന്നതും കണ്ടത്. എന്നാൽ, ഭയക്കാതിരുന്ന ഡാർണെല്ല മൊബൈലിൽ ദൃശ്യങ്ങൾ കൃത്യമായി പകർത്തി. ഒമ്പതു മിനിറ്റും 29 സെക്കൻഡും നേരം കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിക്കുന്നതിനിടെ 27 തവണയാണ് ഫ്ലോയ്ഡ് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് കരഞ്ഞുപറഞ്ഞത്. താൻ പകർത്തിയ ദൃശ്യങ്ങൾ അവൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഫ്ലോയ്ഡിന്റെ അരുംകൊല ലോകമെമ്പാടുമുള്ളവർ കണ്ടു. വംശീയതയ്ക്കെതിരെ ജനങ്ങൾ ഒന്നായി അമേരിക്കൻ തെരുവുകളിൽ അണിനിരന്നു. പിന്നീടത് ലോകമെമ്പാടും വ്യാപിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ വംശീയവാദികൾ ഡാർണെല്ലയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അവൾ അത് ധൈര്യമായി നേരിട്ടു. തെളിവെടുപ്പിലും കോടതി വിചാരണയിലും ഡാർണെല്ല പ്രതികൾക്കെതിരെ മൊഴി കൊടുത്തു. ഡാർണെല്ലയെ അഭിനന്ദിച്ച മിനിയപൊളിസ് പൊലീസ് മേധാവി പറഞ്ഞത് അവളൊരു ഹീറോയാണെന്നാണ്. ധീരത പുരസ്കാരം ഉൾപ്പെടെയുള്ള ആദരങ്ങളും ഡാർണെല്ലയ്ക്ക് ലഭിച്ചു.