thrissur-pooram-accident

തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ട് പേർ മരിച്ചു. പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ, നടത്തറ സ്വദേശി രമേശൻ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളാണ്. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്.

മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ മരത്തിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപകടത്തിൽ പൊലീസുകാർ ഉൾപ്പടെ ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.എട്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടം നടന്നയുടൻ കുട്ടൻകുളങ്ങര അർജുനൻ എന്ന ആന ഇടഞ്ഞോടിയെങ്കിലും പിന്നീട് തളച്ചു. കൊവി‍ഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് പേ‌ർ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ ഭാഗമായുള്ള പ്രധാന വെടിക്കെട്ട് ഉപേക്ഷിച്ചു.കളക്ടർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.മരുന്ന് നിറച്ചതിനാൽ വെടിക്കോപ്പുകൾ പൊട്ടിച്ച് നശിപ്പിച്ചു.15 ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് പാറമേക്കാവ് ഒഴിവാക്കിയിട്ടുണ്ട്.ഒരു ആനപ്പുറത്താകും എഴുന്നള്ളിപ്പ് നടത്തുക.