കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് മുകളിലാണ്. ഇന്നലെ 28,447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിലെ കിടക്കകകളും ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. എറണാകുളത്ത് മാത്രം നാലായിരത്തിൽ കൂടുതലാളുകൾക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇരുപതിനായിരത്തിലധികം പേർ ചികിത്സയിലുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പതിനായിരത്തിലധികം പേരാണ് ഈ ജില്ലകളിൽ ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഡോ പത്മനാഭ ഷേണായി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ രാജ്യത്തെ ഏറ്റുവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലകളിൽ ഒന്നായി എറണാകുളം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.കോഴിക്കോട് ജില്ലയിലും സമാനമായ സ്ഥിതിയാണ് ഉള്ളത്.മറ്റു ജില്ലകളിലും സ്ഥിതി വഷളാകാൻ സാദ്ധ്യത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ രാജ്യത്തെ ഏറ്റുവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലകളിൽ ഒന്നായി എറണാകുളം മാറിയിരിക്കുന്നു. എറണാകുളത്തു 10 ലക്ഷം പേരിൽ 1300 പേർക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുമ്പോൾ കോവിഡ് പ്രഭവ കേന്ദ്രങ്ങൾ ആയ ഡൽഹിയിലും മുംബയിലും ഇതിൽ കുറവ് ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത് . എറണാകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി യും വളരെ കൂടുതൽ ആണ്. എറണാകുളത്തെ പല ആശുപത്രികളിലും ഇപ്പോൾത്തന്നെ കൊവിഡ് ബെഡുകൾ നിറഞ്ഞു കവിയുന്ന അവസ്ഥ ആണ്. കോഴിക്കോടും സമാനമായ സ്ഥിതി ആണ് . കേരളത്തിലെ മറ്റു ജില്ലകളിലും അടുത്ത കുറച്ചു ദിവസങ്ങളിൽ ആയി സ്ഥിതി വഷളാകാൻ സാദ്ധ്യത ഉണ്ട് . ഇതെല്ലം സൂചിപ്പിക്കുന്നത് നമ്മുടെ ജാഗ്രത വളരെ കൂട്ടേണ്ട സമയത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ്.