ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മൂന്നര ലക്ഷത്തിനടുത്ത് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മേയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് പഠന റിപ്പോർട്ട്. വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടേക്കുമെന്നാണ് 'കൊവിഡ് 19 പ്രൊജക്ഷൻസ്' എന്ന പഠന റിപ്പോർട്ടിൽ പറയുന്നത്.രാജ്യത്ത് വരുന്ന ആഴ്ചകളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഈ വർഷം മെയ് 10 ന് കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്നാണ് പ്രവചനം. ഏപ്രിൽ 12 നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ 3,29,000 മരണങ്ങൾ ഉണ്ടായേക്കും. ജൂലായ് അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരാൻ സാദ്ധ്യതയുണ്ടെന്നുമൊക്കെയാണ് പഠനത്തിൽ പറയുന്നത്.
2020 സെപ്തംബർ-2021 ഫെബ്രുവരി കാലയളവിൽ പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ കുറവുണ്ടായിരുന്നുവെന്നും വാഷിംഗ്ടൺ സർവകലാശാല നടത്തിയ പഠനം പറയുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. പ്രതിദിന കേസുകളുടെ എണ്ണം സെപ്തംബറിന്റെ ഇരട്ടിയായി.
ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും ഐഎച്ച്എംഇയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. പ്രതിദിന കേസുകളുടെ എണ്ണം എട്ട്-പത്ത് ലക്ഷമായി ഉയരുമെന്നും പഠനത്തിൽ പ്രവചനമുണ്ട്. കർശനമായ പ്രാദേശിക ലോക്ക് ഡൗണുകൾ, മാസ്‌ക്, വലിയ സമ്മേളനങ്ങൾക്ക് നിരോധനം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഏർപ്പെടുത്തുന്നത് ഈ പ്രവചനങ്ങൾ കുറയ്ക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.