covid

ന്യൂഡൽഹി: കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് മൂന്നര ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,36,786 പേർക്കാണ് കൊവിഡ് ബാധിച്ചത്. 2,624 പേരാണ് മരിച്ചത്. മരണനിരക്ക് രണ്ടായിരം പിന്നിടുന്നത് തുടർച്ചയായ നാലാം ദിവസമാണ്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ 78 ശതമാനവും കേരളം ഉൾപ്പടെയുളള പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.

രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണം 25 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 25,52,940 പേരാണ് ചികിത്സയിലുളളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരെയും സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കേന്ദ്രം നിർദേശിച്ചു.

ഓക്‌സിജൻ, വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുകയാണ്. തുടർ അവലോകന യോഗങ്ങൾ ഇന്നും ചേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിനാലായിരത്തിലധികം പേർക്ക് രോഗം ബാധിച്ച ഡൽഹിയിൽ വൈറസിന്റെ യു കെ വകഭേദം രോഗവ്യാപനം തീവ്രമാക്കിയെന്നാണ് വിലയിരുത്തൽ. ഡൽഹി ബത്ര ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം നേരിടുന്നുണ്ട്. 190 രോഗികളാണ് ആശുപത്രിയിൽ ഓക്‌സിജൻ സഹായത്തോടെ കഴിയുന്നത്. ഓക്‌സിജൻ തീർന്നതോടെ ഡൽഹി മൂൽചന്ദ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു.