കോട്ടയം: സൗജന്യ വാക്‌സിൻ ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. മകളുടെ വിവാഹ ചടങ്ങുകൾക്കായി മാറ്റിവച്ച തുകയിൽ നിന്നും 50000 രൂപയാണ് ജോസ് കെ മാണി വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് കൊണ്ട് കൈമാറിയിരിക്കുന്നത്.
നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്‌തു.
നൂറ്റിയഞ്ചാം വയസിൽ കൊവിഡിനെ അതിജീവിച്ച അസ്‌മാബീവി, ആടിനെ വിറ്റ് പണം നൽകിയ സുബൈദ ബീവി തുടങ്ങിയ സാധാരണക്കാരടക്കം നിരവധി പേരാണ് ദുരിതാശ്വാസനിധിയിലേക്ക് തങ്ങൾക്ക് സാധിക്കുന്ന രീതിയിലുളള തുകകൾ സംഭാവന ചെയ്യുന്നത്. കേന്ദ്രസർക്കാർ വാക്‌സിൻ തന്നില്ലെങ്കിലും സ്വന്തം നിലയിൽ വിലകൊടുത്തുവാങ്ങി ജനങ്ങൾക്ക് വാക്‌സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ വാക്‌സിൻ ചലഞ്ച് ആരംഭിച്ചത്.