america

വാഷിംഗ്ടണ്‍: ആദ്യം അമേരിക്ക പിന്നെ മറ്റുള്ളവവര്‍ എന്ന വാക്സിൻ നിലപാടില്‍ നിന്നും അമേരിക്ക മാറിയേക്കും. കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്‌തുകള്‍ കയറ്റുമതി ചെയ്യാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്നു. കൊവിഡ് രൂക്ഷമായ ഇന്ത്യയിലേക്കും ബ്രസീലിലേക്കും ആവശ്യമായ വാക്‌സിനും മറ്റു മരുന്നുകളും എത്തിക്കണമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് മൈറോണ്‍ ബ്രില്യന്റ് ആവശ്യപ്പെട്ടു. അമേരിക്കക്ക് ആവശ്യമായ വാക്‌സിന്‍ ജൂണിനുള്ളില്‍ രാജ്യത്ത് നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ലോകത്ത് ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം അമേരിക്കക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ഇക്കാര്യം അറിയിച്ചത്.

കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് കയറ്റുമതി ഇല്ലാത്തതാണ് പ്രധാനകാരണം. ഇന്ത്യയുടെ ആവശ്യം മനസിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു. അമേരിക്കയുടെ പ്രതിരോധ ഉൽപാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നല്‍കുന്നതിനാലാണ് കയറ്റുമതിയില്‍ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചിരുന്നു.