കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആർത്തവത്തിന് അഞ്ച് ദിവസം മുൻപോ ശേഷമോ വാക്‌സിൻ സ്വീകരിക്കരുതെന്നും, ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഡോ ഷിംന അസീസ്.
ഇത്തരം പ്രചാരണങ്ങൾ സത്യമല്ലെന്നും കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കണമെന്നും ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.വാക്‌സിനേഷനും, ആർത്തവ തീയതികളുമായി ബന്ധമില്ലെന്നും, എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പിരീഡ്‌സിന് അഞ്ച് ദിവസം മുൻപോ ശേഷമോ കോവിഡ് വാക്‌സിനേഷൻ എടുക്കരുതെന്ന് പുതിയ 'വാട്ട്‌സ്ആപ്പ് സർവ്വകലാശാല പഠനങ്ങൾ' സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളിൽ സ്ത്രീകൾക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതൽ വാക്‌സിനേഷൻ ഗുണഭോക്‌താക്കളായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.
അപ്പോൾ ഇത് സത്യമല്ലേ?
സത്യമല്ല.
ഒന്നോർത്ത് നോക്കൂ, ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ ലഭിച്ചത് ആരോഗ്യപ്രവർത്തകർക്കാണ്. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്‌ത്രീകളും അവരിൽ ഉൾപ്പെടുന്നു. ആർത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന് വാക്‌സിനേഷൻ കൊണ്ട് ഏറ്റവും വലിയ രീതിയിൽ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകകൾ ആണ്, തൊട്ട് പിറകേ വാക്‌സിനേഷൻ ലഭിച്ച മുൻനിരപോരാളികളാണ്.
രോഗാണുവുമായി നേരിട്ടുള്ള സമ്പർക്കം അത്ര മേൽ വരാത്ത സാധാരണക്കാരെ മാസത്തിൽ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്‌സിനേഷനിൽ നിന്ന് അകറ്റി നിർത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആർത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.
അടിസ്‌ഥാനമില്ലാത്ത സോഷ്യൽ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.