army

ന്യൂഡൽഹി: കൊവിഡിനെതിരായുള‌ള പോരാട്ടത്തിൽ സൈന്യത്തിന്റെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ജില്ല, പ്രാദേശിക ഭരണകൂടങ്ങൾക്ക് സഹായത്തിനും സായുധ സേനയെ വിന്യസിച്ചു കഴിഞ്ഞു. കൊവിഡിന്റെ രണ്ടാംവരവ് അത്ര ശക്തമായതിനാൽ കരുതലോടെ നീങ്ങുകയാണ് സൈന്യം. കൊവിഡ് പ്രതിരോധ വാക്‌സിനുകൾ ഒന്നാംഘട്ടം 99 ശതമാനം പേർക്കും സൈന്യത്തിൽ നൽകിക്കഴിഞ്ഞു. രണ്ടാംഘട്ട വാക്‌സിൻ സ്വീകരിച്ചവരാകട്ടെ 75 ശതമാനമുണ്ട്.

ഇതുവരെ 44000 സൈനികർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 43000 പേർക്കും രോഗം ഭേദമായി. 120 പേർ മരിച്ചു. സൈനികരുടെ ആശ്രിതരിൽ രോഗം ബാധിച്ചത് 7800 പേർക്കാണ്. ഇതിൽ 6800 പേർക്ക് രോഗം ഭേദമായി. 400 പേർ മരണമടഞ്ഞതായാണ് വിവരം. നിലവിൽ 1000 സൈനികരും അവരുടെ ആശ്രിതരായ 680 പേരും മാത്രമാണ് സൈന്യത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള‌ളത്.

കൊവിഡ് നിയന്ത്രത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്‌റ്റനന്റ് ജനറൽ റാങ്കുള‌ള ഓഫീസർമാർക്ക് അഞ്ച് കോടിയും മേജർ ജനറൽമാർക്ക് മൂന്ന് കോടിയും ബ്രിഗേഡിയർ റാങ്കുള‌ളവർക്ക് രണ്ട് കോടിയുമാണ് ഇങ്ങനെ അനുവദിച്ചിരിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചത്. മാത്രമല്ല ഡൽഹി കന്റോൺമെന്റിലെ 350 കിടക്കകളുള‌ള സേനാ ബേസ് ആശുപത്രി 1000 കിടക്കകളുള‌ളതായി വികസിപ്പിക്കാൻ സൈന്യം തീരുമാനിച്ചു.

ഓക്‌സിജൻ നിർമ്മാണത്തിനുള‌ള പ്ളാന്റുകൾ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യാൻ സൈന്യം തീരുമാനിച്ചു. എയർലിഫ്‌റ്റ് ചെയ്‌ത് 23 ഇത്തരം പ്ളാന്റുകൾ എത്തിക്കാനും തീരുമാനമുണ്ട്. താൽക്കാലികമായി ജോലി നോക്കുന്ന ഡോക്‌ർമാർക്ക് ഈ വർഷം ഡിസംബർ 31 വരെ സൈന്യത്തിന് കീഴിൽ ജോലി ചെയ്യാൻ കാലാവധി നീട്ടി നൽകി. ഡൽഹിയിലെ വർദ്ധിച്ചു വരുന്ന കൊവി‌ഡ് കേസുകൾ കണക്കിലെടുത്ത് ഡിആർഡിഒ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്‌ടർമാരുടെ എണ്ണം വർദ്ധിപ്പിച്ചു. 250 കിടക്കകളോടെ തുറന്ന ആശുപത്രിയിൽ ഉടൻ 500 കിടക്കകളായി വർദ്ധിപ്പിക്കും. ഇവിടെ ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർദ്ധിപ്പിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്.