uttarakhand

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നിധി വാലിയിലുള്ള ചമോലി മഞ്ഞുമലയിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങി. ഇതിനോടകം എട്ട് പേരുടെ മൃതദേഹമാണ് സൈന്യം കണ്ടെത്തിയത്. 384 പേരെ രക്ഷപ്പെടുത്തിയതായിയാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.


ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. സുംന- റിംകിം റോഡിലേക്കാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ഈ ഭാഗത്ത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ രണ്ടു തൊഴിലാളി ക്യാമ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് അനുഭവപ്പെട്ടത്. ഇതാണ് മഞ്ഞിടിച്ചിലിന് കാരണമായത്.

ഇനിയും 150 ലധികം പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് കണക്കാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡ് നിര്‍മ്മാണങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഐടിബിപി സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലും ചമോലിയില്‍ അപകടമുണ്ടായിരുന്നു.