ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 20 പേർ മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചവരെല്ലാം. 210ഓളം രോഗികൾ അതീവ ഗുരുതരാവസ്ഥയിലാണ്. മതിയായ ഓക്‌സിജൻ ലഭിച്ചില്ലെങ്കിൽ മരണനിരക്ക് ഇനിയും കുത്തനെ ഉയരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്‌സിജൻ പ്ളാന്റിലുണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡൽഹി ഗംഗാറാം ആശുപത്രിയിൽ കൊവിഡ് രോഗികൾ മരണമടഞ്ഞത്. ഇന്നലെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിക്കുന്ന അടുത്ത സംഭവം. ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ മിക്ക നഗരങ്ങളും ഓക്‌സിജൻ ക്ഷാമത്താൽ പൊറുതിമുട്ടുകയാണ്.
ഓക്‌സിജൻ ക്ഷാമമുണ്ടായ ജയ്‌പൂർ ആശുപത്രിയിൽ 45 മിനിട്ട് നേരം ഉപയോഗിക്കാവുന്ന ഓക്‌സിജൻ മാത്രമേയുളളൂവെന്ന ഞെട്ടിക്കുന്ന വിവരമാണ് ആശുപത്രി അധികൃതർ നൽകിയത്. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ രോഗികളെ നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്യുന്ന അവസ്ഥയാണുളളത്. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ആശുപത്രികൾ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്. ഇതിനിടെ ഇന്ത്യയ്‌ക്കാവശ്യമായ ഓക്‌സിജൻ നൽകാമെന്ന് റഷ്യയും ചൈനയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ നിന്ന് സൈനിക സഹായത്തോടെ 23 ഓക്‌സിജൻ പ്ളാന്റുകൾ എത്തിക്കാനും കേന്ദ്ര തീരുമാനമായിട്ടുണ്ട്.