പാലക്കാട്: തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തേക്ക് കോടികൾ ഒഴുകി എന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രമുഖ ദേശീയപാർട്ടി കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കർണാടകത്തിൽനിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ നേതാക്കൾ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവം കഴിഞ്ഞദിവസമാണ് പുറംലോകം അറിഞ്ഞത്. ഇതിന് സമാനമായ ആസൂത്രണം പാലക്കാട്ടും നടന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
പാലക്കാട് ജില്ലയിൽനിന്ന് തൃശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കിൽപ്പടാത്ത നാലു കോടി തട്ടിയെടുക്കാനായി പാലക്കാട്ടെ പാർട്ടി നേതാക്കളാണ് 'അപകടപദ്ധതി' ആസൂത്രണം ചെയ്തത്. എന്നാൽ, അപകടമുണ്ടാക്കാനായി നിയോഗിച്ച കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ഇത് പാളി. അതോടെ നേതാക്കൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പാലക്കാട് നിന്ന് തൃശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താനായിരുന്നു പദ്ധതി. ഇവിടെ സ്ഥിരം അപകടമേഖലയാണ്. ഇക്കാര്യം ആസൂത്രണം ചെയ്‌ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവർക്ക് നേതാക്കൾ നിർദേശവും നൽകി. എന്നാൽ, സ്ഥലം എവിടെയാണെന്ന് മനസിലാകാത്ത ഡ്രൈവർ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാൾക്ക് മാറിപ്പോയതോടെ പൊലീസിന് വിവരം ചോരുകയായിരുന്നു.
അപകടം എവിടെവെച്ചാണ് ഉണ്ടാക്കേണ്ടത് എന്ന സന്ദേശമാണ് കാർ ഡ്രൈവർ മാറി അയച്ചുപോയത്. സന്ദേശം കിട്ടിയയാൾ പോലീസിൽ അറിയിച്ചു. സന്ദേശം അയച്ചത് മാറിപ്പോയിട്ടുണ്ടെന്ന് കാർ ഡ്രൈവർതന്നെയാണ് പാർട്ടി നേതാക്കളെ അറിയിച്ചതും. അതോടെ നോതാക്കൾ ജാഗ്രത പുലർത്തി. പോലീസാകട്ടെ കാർ ഡ്രൈവറുടെ ഫോൺ സിഗ്നലുകൾ പിന്തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് പൊലീസ് ഇപ്പോഴും വിശദ അന്വേഷണം നടത്തുകയാണ്.