നാസയുടെ പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ വിജയകരമായി ഓക്സിജൻ ഉത്പാദിപ്പിച്ചത് ശാസ്ത്രലോകത്തെയാകെ ആവേശത്തിലാഴ്ത്തി. മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ് (മോക്സി) എന്ന പരീക്ഷണത്തിലൂടെയാണ് ഇതാദ്യമായി ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിച്ചത്. ആദ്യ പരീക്ഷണത്തിൽ തന്നെ 5.4 ഗ്രാം ഓക്സിജൻ ലഭിച്ചു. ഒരു ബഹിരാകാശയാത്രികന് 10 മിനിറ്റ് ശ്വസിക്കാൻ ഇതു മതിയാകും.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 ശതമാനം മാത്രമാണ് ഓക്സിജൻ സാന്നിദ്ധ്യമെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോർജം ഉൽപാദിപ്പിച്ച ശേഷം അതുപയോഗിച്ച് കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം. ഭാവിയിൽ ഇതിന്റെ ആയിരക്കണക്കിന് ഇരട്ടി ശേഷിയുള്ള ഓക്സിജൻ ഉത്പാദന യന്ത്രങ്ങൾ വന്നേക്കും.
ഇന്ത്യയിൽ മാദ്ധ്യമ പ്രവർത്തനം കഠിനം
ലോക മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് ഇത്തവണയും 142ാം സ്ഥാനം. ആകെ 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.വിമർശിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ രാജ്യവിരുദ്ധരെന്നു ചാപ്പ കുത്തുന്ന ബി.ജെ.പി പ്രവർത്തകരിൽ നിന്നുള്ള ഭീഷണി മാദ്ധ്യമപ്രവർത്തകർക്കുണ്ടെന്ന് 2021 ലെ സൂചിക തയാറാക്കിയ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന രാജ്യാന്തര മാദ്ധ്യമ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
മാദ്ധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‌ക്കുന്ന ഇന്ത്യയുടെ കൂടെ അയൽരാജ്യങ്ങളായ ചൈന (177), പാക്കിസ്ഥാൻ (145), ബംഗ്ലാദേശ് (152), മ്യാൻമർ (140) എന്നിവയുമുണ്ട്. നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക് എന്നിവയാണ് മുൻപത്തേതുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും താഴെ എറിട്രിയ. തൊട്ടു മുകളിൽ ഉത്തര കൊറിയ (179), തുർക്ക്മെനിസ്ഥാൻ (178) എന്നിവയും. 73ശതമാനം രാജ്യങ്ങളിലും മാധ്യമപ്രവർത്തനത്തിനു പൂർണമായോ ഭാഗികമായോ വിലക്കുണ്ടെന്നും ഏഴ് ശതമാനം രാജ്യങ്ങളിൽ മാത്രമേ പൂർണ മാദ്ധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാരിനോടൊത്ത് നിൽക്കാൻ മാധ്യമങ്ങളുടെ മേൽ സമ്മർദം കൂടുതലായി ഉയർന്നിട്ടുണ്ടെന്നും 2020 ൽ ജോലിയുമായി ബന്ധപ്പെട്ട് 4 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവേകിന് വിട
തമിഴ് സിനിമയിലെ ഹാസ്യകുലപതിയായ നടൻ വിവേക് വിടവാങ്ങിയതാണ് കഴിഞ്ഞയാഴ്ചയിലെ വലിയ നഷ്ടം. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വടപളനിയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രഗദ്ഭനായ ടെലിവിഷൻ അവതാരകനും പിന്നണിഗായകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴ് സിനിമാലോകത്ത് ശ്രദ്ധനേടുന്നത്. ഏത് റോളും തന്റേതായ ശൈലിയിൽ അവതരിപ്പിച്ച് മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്യൻ, റൺ, സാമി, ശിവാജി, ഷാജഹാൻ തുടങ്ങി 200-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1987ൽ ബാലചന്ദർ സംവിധാനം ചെയ്ത മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്കുള്ള വിവേകിന്റെ കടന്നുവരവ്. ധാരാളപ്രഭു എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്‌ത്തി, തമിഴ് സിനിമയിലെ ഹാസ്യകുലപതിയായ അതുല്യനടൻ വിവേക് വിടവാങ്ങുമ്പോൾ 59 വയസായിരുന്നു. ഭാര്യ: അരുൾസെൽവി. മകൻ പ്രസന്ന കുമാർ വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞു. അമൃതനന്ദിനി, തേജസ്വിനി എന്നിവർ പുത്രിമാരാണ്.
കാസ്ട്രോ യുഗത്തിന് അന്ത്യം
കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവി റൗൾ കാസ്ട്രോ (89) സ്ഥാനമൊഴിഞ്ഞതോടെ ക്യൂബയിൽ 6 പതിറ്റാണ്ടു നീണ്ട കാസ്ട്രോ സഹോദരന്മാരുടെ മേധാവിത്വത്തിന് തിരശീല വീണു.പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലാണ് പുതിയ ഫസ്റ്റ് സെക്രട്ടറി. പാർട്ടി കോൺഗ്രസിലാണ് തീരുമാനം.
പൊതു ജീവിതത്തിൽനിന്നു വിരമിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. റൗൾ കാസ്ട്രോയുടെ പിൻഗാമിയായി 2018 ലാണ് കനേൽ ക്യൂബയുടെ പ്രസിഡന്റായത്. യു.എസിനോടു ചേർന്നു കിടക്കുന്ന കരീബിയൻ ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ 1959 ലാണ് ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത്. 48 വർഷം അധികാരത്തിലിരുന്ന ഫിഡൽ, 2008 ൽ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സഹോദരൻ റൗൾ കാസ്ട്രോ നേതൃത്വമേറ്റത്.