ചെറുപ്പകാലത്ത് പാകിസ്ഥാനിൽ എത്തപ്പെട്ട ഗീത എന്ന ബധിരയും മൂകയുമായ ഇന്ത്യൻ പെൺകുട്ടി തിരികെ നാട്ടിലെത്തിയ വാർത്ത കുറച്ച് നാൾ മുൻപാണ് നാം കണ്ടത്. ഗീതയെ തിരികെയെത്തിച്ചതിന് അന്ന് വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന്റെ പ്രവർത്തനങ്ങളെ നാം അഭിനന്ദിച്ചു. എന്നാൽ ഗീതയെ തിരികെയെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചൊരു സംഘടനയുണ്ട്. പാകിസ്ഥാനിലെ പ്രധാന മനുഷ്യാവകാശ സംഘടനകളിലൊന്നായ ഈദി ഫൗണ്ടേഷനായിരുന്നു അത്. എന്താണ് ഈദി ഫൗണ്ടേഷൻ? അവരുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ്? ഇക്കാര്യങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.
പ്രവർത്തനങ്ങളുടെ തുടക്കം
1951ൽ അബ്‌ദുൾ സത്താർ ഈദി എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈദി ഫൗണ്ടേഷൻ സ്ഥാപിച്ചത്. 1928ൽ ഗുജറാത്തിൽ ബന്ത്‌വ പട്ടണത്തിലാണ് അബ്‌ദുൾ സത്താർ ഈദി ജനിച്ചത്. ഇന്ത്യ-പാക് വിഭജന ശേഷം പാകിസ്ഥാനിലേക്ക് പോയ അദ്ദേഹം തന്റെ ഇരുപത്തി മൂന്നാം വയസിൽ പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ഈദി ഫൗണ്ടേഷൻ സ്ഥാപിച്ചു. 1965ൽ നഴ്‌സായ ബിൽക്കിസിനെ വിവാഹം ചെയ്‌ത അദ്ദേഹത്തിന് നാല് മക്കളുണ്ട്. ഇവരെല്ലാം ഈദി ഫൗണ്ടേഷൻ പ്രവർത്തനത്തിൽ സജീവമാണ്. ആരോഗ്യ പ്രവർത്തകനായ അദ്ദേഹം നീണ്ട 65 വർഷം സംഘടനയെ നയിച്ചു. രോഗങ്ങളും ദുരിതങ്ങളും മൂലം കഷ്‌ടതയനുഭവിച്ച പാകിസ്ഥാനിലെ ജനങ്ങൾക്ക് നിരന്തരം സേവനം നൽകി ഈദി ഫൗണ്ടേഷൻ അവിടെ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിൽ പോലും പ്രശസ്‌തി നേടി.
ഇന്ത്യയ്‌ക്കും സഹായ ഹസ്‌തം
കൊവിഡ് പോലുളള അടിയന്തര ഘട്ടങ്ങളിലും ആശുപത്രികളിലും ചികിത്സ ആവശ്യമായവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും വേണ്ടി ഈദി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. മഹാവ്യാധിയെ അകറ്റാൻ അന്താരാഷ്‌ട്ര തലത്തിൽ സഹായം ആവശ്യമുളളവർക്ക് വേണ്ടിയും ഈദി ഫൗണ്ടേഷൻ സഹായമേകാറുണ്ട്. ഓക്‌സിജൻ ക്ഷാമവും മറ്റ് കൊവിഡ് പ്രതിസന്ധികളും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയിലേക്ക് 50 ആംബുലൻസുകൾ അയക്കാൻ ഈദി ഫൗണ്ടേഷൻ സമ്മതം അറിയിച്ചിട്ടുണ്ട്. അബ്‌ദുൾ സത്താർ ഈദിയുടെ മകനും ഇപ്പോൾ ഈദി ഫൗണ്ടേഷന്റെ ഡയറക്‌ടറുമായ ഫൈസൽ ഈദിയാണ് ഈ സഹായം നൽകാൻ മുന്നോട്ട് വന്നത്. ആംബുലൻസുകൾക്കൊപ്പം വളണ്ടിയർമാരെയും ഇന്ത്യയിലേക്കയക്കാൻ സംഘടന തയ്യാറായി.
10 മിനുട്ടുകൾക്കകം ആംബുലൻസ് സേവനം
മെഡിക്കൽ രംഗത്ത് മാത്രമല്ല അഗതികൾക്കും, അനാഥർക്കും, വൈകല്യം സംഭവിച്ചവർക്കും, വനിതാ ശിശു സംരക്ഷണത്തിനും, കാണാതായവരെ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിനും, വായു-കര-ജലമാർഗങ്ങളിലൂടെ ആംബുലൻസ് സൗകര്യത്തിനുമെല്ലാം എപ്പോഴും സന്നദ്ധമാണ് ഈദി ഫൗണ്ടേഷൻ. പാകിസ്ഥാനിൽ മാത്രം 1800 ആംബുലൻസ് വാനുകളാണ് സംഘടനയ്‌ക്കുളളത്. രാജ്യത്തെ ഏത് പ്രദേശത്ത് നിന്നും 10 മിനിട്ടിനകം വൈദ്യ സഹായമെത്തിക്കുന്നുണ്ട് ഈദി ഫൗണ്ടേഷൻ. ഒരു ദിവസം പതിനായിരക്കണക്കിന് വിളികളാണ് സഹായം ചോദിച്ച് ഇവർക്കെത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സജീവമായി തന്നെ ഈദി ഈ പ്രവർത്തനങ്ങൾ നടത്തുന്നു.
ഗൾഫ് യുദ്ധ സമയത്ത് ഇറാഖിലും കുവൈത്തിലും സഹായമെത്തിച്ചു. ഇറാനിലും ഈജിപ്‌തിലും ഭൂകമ്പത്തിൽ എല്ലാം നഷ്‌ടപ്പെട്ടവരെ സംഘടന സഹായിച്ചു. പാകിസ്ഥാനിൽ തീവ്രവാദികൾ തട്ടിയെടുത്ത് വധിച്ച ഡാനിയൽ പേൾ എന്ന അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ ശരീരം കണ്ടെത്താൻ അമേരിക്കയെ സഹായിച്ചതും ഈദി ഫൗണ്ടേഷനാണ്. സാമൂഹിക പ്രവർത്തനം നടത്തുന്നവർക്കുളള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ മാഗ്‌സസെ പുരസ്‌കാരം അബ്‌ദുൾ സത്താർ ഈദിക്കും ഭാര്യ ബിൽക്കിസിനും ലഭിച്ചത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ്.