house

കോട്ടയം: കൊവിഡിനെ മാറ്റി നിര്‍ത്താന്‍ മാസ്‌ക് അത്യാവശ്യമാണ്. തനിക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളുവെന്ന സന്ദേശം പൂര്‍ണമായി ഉള്‍കൊണ്ടതുകൊണ്ടാവണം ഉഴവൂര്‍ സ്വദേശിയായ കെ.യു.ഏബ്രഹാമിന്റെ ഈ പ്രവർത്തി. ഉഴവൂര്‍ ഇടക്കോലി റോഡിലുടെ പോകുമ്പോള്‍ കൈപ്പാറേട്ട് കെ.യു.ഏബ്രഹാമിന്റെ വീട്ടിനു മുന്നില്‍ ഒരു ബോര്‍ഡ് കാണാം. അനുവാദം വേണ്ട, മാസ്‌ക് എടുക്കാം ഉപയോഗിക്കാം... എന്നാണ് ബോര്‍ഡില്‍ എഴുതിരിക്കുന്നത്. രണ്ടാംഘട്ട കൊവിഡ് തരംഗത്തിനിടെയാണ് ഈ ബോര്‍ഡ് സ്ഥാപിച്ചത്.

കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായപ്പോള്‍ കൈ കഴുകുന്നതിനുള്ള സംവിധാനത്തിന് ഒപ്പം എല്ലാവര്‍ക്കും മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കുകയാണ് ഏബ്രഹാം. പൊടിയും അഴുക്കും പുരളാതെ വൃത്തിയായി പാക്ക് ചെയ്ത 10 മാസ്‌ക്കുകള്‍ എപ്പോഴും ഏബ്രഹാമിന്റെ വീടിനു മുന്നില്‍ ഉണ്ടാകും. ക്ലിപ് ഉപയോഗിച്ചു ഓരോന്നായി തൂക്കിയിട്ടിരിക്കുകയാണ്. 10 എണ്ണം തീര്‍ന്നാല്‍ അടുത്ത 10 എണ്ണം എത്തും. സൗജന്യമാണെങ്കിലും ഒന്നില്‍ കൂടുതല്‍ ആരും എടുക്കാറില്ലെന്നു ഏബ്രഹാം പറയുന്നു. റെയില്‍വേ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്. നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ചെറിയ സേവനമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.

നേരത്തേ കൊവിഡിന്റെ ആദ്യതരംഗത്തിനിടെയിലും ചില മാതൃകകള്‍ കാണിച്ചിട്ടുണ്ട് ഈ വീട്. സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകള്‍ കഴുകി പോകാന്‍ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കൊവിഡ് എന്ന മഹാവിപത്തില്‍ നിന്നും സ്വയം രക്ഷപ്പെടുക. നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക. എന്നിങ്ങനെയും ബോര്‍ഡ് വീട്ടിന് മുന്നില്‍ വച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.