പൊലീസിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. പൊലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട കൊടുത്ത് കൊവിഡിന്റെ പേരില്‍ ഭീമമായ പിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിര്‍ത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഭയാശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച് സമചിത്തതയോടെ ജനങ്ങളതിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവല്‍ക്കരണമാണ് ആവശ്യം.
എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പൊലീസ് സംവിധാനം കൊവിഡിന്റെ മറവില്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കൊവിഡിന്റെ പേരില്‍ ഭീമമായ പിരിവ് നടത്തുകയാണ് സര്‍ക്കാര്‍. ഈ ദുരിതകാലത്ത് ബുദ്ധിമുട്ടില്‍ കഴിയുന്ന ജനങ്ങളെ മനപൂര്‍വം ഒരു ഗവണ്‍മെന്റ് പിഴിയുകയാണ്. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിര്‍ത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ഇതിനല്ലല്ലോ ഒരു ഗവണ്‍മെന്റ് ശ്രമിക്കേണ്ടത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം.
കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പാടെ താളംതെറ്റിയ അവസ്ഥയിലാണെന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ നാലും അഞ്ചും ദിവസങ്ങള്‍ കഴിഞ്ഞാണ് റിസള്‍ട്ട് വരുന്നത്. റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ അയാളില്‍ നിന്നും അതിനുള്ളില്‍ എത്രപേര്‍ക്ക് രോഗം പരന്നിട്ടുണ്ടാകും?
എന്റെ മകന്‍ കഴിഞ്ഞ തിങ്കളാഴ്ച്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായതാണ്. റിസള്‍ട്ട് വന്നത് വെള്ളിയാഴ്ച്ചയാണ്. 'Result inconclusive' അതിനാല്‍ ഒന്നുകൂടി ശ്രവം നല്‍കണമെന്നാണ് അവര്‍ പറയുന്നത്.
നിലവിലെ പ്രതിരോധശ്രമങ്ങള്‍ പ്രായോഗികമല്ല എന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
KGMOA യും IMA യുമൊക്കെ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുമ്പോള്‍ അവരുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. നാലും അഞ്ചും ദിവസം കഴിഞ്ഞ് ടെസ്റ്റ് റിസള്‍ട്ട് വന്നാല്‍ എന്ത് പ്രയോജനമാണ് ഉള്ളത്? ആ ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധ ഉണ്ടാകില്ലെന്ന് ആര് കണ്ടു. ചുരുക്കത്തില്‍ ലക്ഷ്യ ബോധമില്ലാത്ത നേതൃത്വം കേരളത്തിലെ ആരോഗ്യരംഗത്തേയും inconclusive ആക്കിയിരിക്കുകയാണ്.
വെറും ഒരാഴ്ച്ച കൂടി മാത്രമെ ഈ സര്‍ക്കാരിന് അവശേഷിക്കുന്നുള്ളു. ഇനിയെങ്കിലും തള്ളുകള്‍ മതിയാക്കി എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാന്‍ പിണറായി വിജയനും കൂട്ടരും തയ്യാറാകണം.
ഭയാശങ്കകൾ ഉയർത്തിക്കൊണ്ടുതന്നെ കോവിഡ് അതിവേഗത്തിൽ വ്യാപിക്കുമ്പോൾ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച്...
Posted by Shibu Babyjohn on Saturday, April 24, 2021