governar

തിരുവനന്തപുരം: എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം.സഹ്‌ലയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി. വിഷയത്തില്‍ ഗവര്‍ണര്‍ വി.സിയോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹ്‌ലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്‌തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി.


കണ്ണൂര്‍ സര്‍വകലാശാലയില്‍ യുജിസിയുടെ എച്ച് ആര്‍ ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്‌തികയിലേക്ക് 30 പേരെ ഏപ്രില്‍ 16 നാണ് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയത്. ഈ സെന്ററിലെ തസ്‌തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്‌തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് മാത്രമായി കഴിഞ്ഞ വര്‍ഷം പ്രത്യേക അനുമതി നല്‍കിയിരുന്നു. ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിന് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ചതായി പരാതിയുണ്ടായിരുന്നു.

ഇന്റര്‍വ്യൂവില്‍ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനായിരുന്നു നീക്കം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയുന്നതിനായി വിസിയുടെ മറുപടി ഗവര്‍ണര്‍ തേടിയിരിക്കുന്നത്.