തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നൽകുമെന്ന അറിയിപ്പ് നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. അത്തരത്തിൽ ഒരു അറിയിപ്പ് വന്നതുമായി ബോർഡിന് ബന്ധമില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. ക്ഷേത്രചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിട്ടില്ല. ഇതിനെ പറ്റി അന്വേഷിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് പ്രതികരിച്ചു.
ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഓൺലൈനായി നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ബാങ്കുമായി കരാറുണ്ടാക്കി. ഇതിന്റെ മറവിലാണ് ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ പേജിലും യൂട്യൂബിലും ചടങ്ങ് കാണാമെന്ന് പ്രചരിച്ചത്. ഈ കരാർ റദ്ദാക്കി. ഇങ്ങനെ തെറ്റിദ്ധാരണ പരത്തിയ അറിയിപ്പ് നൽകിയതിൽ ബോർഡിന് ഒരു പങ്കുമില്ലെന്ന് എൻ.വാസു പറഞ്ഞു. ഒരു ക്ഷേത്രത്തിലെ പൂജകളും ഓൺലൈനായി നൽകാൻ ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഓൺലൈനായി വഴിപാട് സൗകര്യം ബോർഡിന്റെ 500 ക്ഷേത്രങ്ങളിൽകൂടി നടപ്പാക്കുന്നതിന് ബോർഡ് തീരുമാനിച്ചതായും എൻ.വാസു അറിയിച്ചു.