അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറു പേര്‍ മരിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് നീല്‍കാന്ത് ആശുപത്രി ഡയറക്ടര്‍ സുനില്‍ ദേവഗണ്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണത്തിനായി സ്ഥാപിച്ച പ്ലാന്റ് ജില്ലാ ഭരണകൂടം പിടിച്ചെടുത്തതായും അദ്ദേഹം ആരോപിച്ചു. അതേസമയം സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിന്ധു വ്യക്തമാക്കി.
അതേസമയം രാജ്യ തലസ്ഥാനത്തെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഇന്ന് ഓക്സിജന്‍ ലഭിക്കാതെ 20 പേര്‍ മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചവരെല്ലാം. 210ഓളം രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മതിയായ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ മരണനിരക്ക് ഇനിയും കുത്തനെ ഉയരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ പ്ലാന്റിലുണ്ടായ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. ഇന്നലെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിക്കുന്ന അടുത്ത സംഭവം. ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ മിക്ക നഗരങ്ങളിലെ ആശുപത്രികൾ ഓക്സിജന്‍ ക്ഷാമത്താല്‍ പൊറുതിമുട്ടുകയാണ്.