sachin

മുംബയ്: പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് ക്രിക്ക‌റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കൊവിഡ് രോഗമുക്തി നേടി വിശ്രമിക്കുന്ന താരം ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നില്ല. മുംബയിൽ ലോക്‌ഡൗണായതിനാൽ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തനിക്ക് പിറന്നാൾ ആശംസ നേർന്നവർക്കെല്ലാം സച്ചിൻ നന്ദി പറഞ്ഞു. ഒപ്പം കൊവിഡ് രോഗികൾക്ക് സഹായമാകുന്ന ഒരു അഭ്യർത്ഥനയും.

'എനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി. കഴിഞ്ഞ മാസം എനിക്ക് വളരെ വിഷമം പിടിച്ചതായിരുന്നു. കൊവി‌ഡ് പോസി‌റ്റീവായത് കാരണം 21 ദിവസം ഐസൊലേഷനിലായിരുന്നു. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ഒപ്പം ആശുപത്രിയിലെ ഡോക്‌ടർമാരും മെഡിക്കൽ സംഘവും അവരെല്ലാം രോഗമുക്തി നേടാൻ എന്നെ സഹായിച്ചു. എല്ലാവർക്കും വലിയ നന്ദി' സച്ചിൻ പറഞ്ഞു.

ഒപ്പം ഒരു സന്ദേശവും സച്ചിൻ അറിയിച്ചു. 'എന്റെ ഡോക്‌ടർമാർ ആവശ്യപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയട്ടെ. കഴിഞ്ഞവർഷം ഞാൻ പ്ളാസ്‌മ ദാന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തിരുന്നു. കൃത്യസമയത്ത് പ്ളാസ്‌മ നൽകാനായാൽ നിരവധി രോഗികളെ രക്ഷിക്കാം. കഴിയുമ്പോഴെല്ലാം ഞാൻ പ്ളാസ്‌മ നൽകും. കൊവിഡ് മുക്തരായവരെല്ലാം പ്ളാസ്‌മ നൽകണം. അതുകൊണ്ട് കഴിയുന്നവരെല്ലാം രക്തവും പ്ളാസ്‌മയും ദാനം ചെയ്യണമെന്ന് ഓരോ ഇന്ത്യക്കാരോടും ആവശ്യപ്പെടുകയാണ്.'

View this post on Instagram

A post shared by Sachin Tendulkar (@sachintendulkar)

2013ൽ അന്താരാഷ്‌ട്ര ക്രിക്ക‌റ്റിൽ നിന്നും വിരമിച്ച സച്ചിന്റെ പേരിൽ ഒരുപിടി ലോകറെക്കോർഡുകളുണ്ട്. ഈ വർഷം നടന്ന റോഡ് സേഫ്‌റ്റി സീരീസിൽ പങ്കെടുത്തതിന് പിന്നാലെയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലും തുടർന്ന് വീട്ടിൽ ഐസൊലേഷനും ശേഷം താരം രോഗമുക്തനായിരുന്നു.