submarine

ജക്കാർത്ത: 53 നാവികരുമായി കാണാതായ ഇന്തോനേഷ്യയിലെ കെ.എർ.ഐ നഗംല 402 അന്തർവാഹിനി കടലിൽ മുങ്ങിത്താണെന്ന് നേവി അധികൃതർ അറിയിച്ചു. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇവ. മുങ്ങിക്കപ്പലിൻ്റെ ഭാഗമായ ടോർപ്പിഡോ സ്ട്രെയ്റ്റനർ, പെരിസ്കോപ്പ്, ഗ്രീസ് ബോട്ടിൽ, ഏതാനും നിസ്കാരപ്പായകൾ തുടങ്ങിയവയാണ് കടലിൽ കണ്ടെത്തിയത്.നാവികരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. ശരീരാവശിഷ്ടങ്ങളും കണ്ടെത്താനായിട്ടില്ല. തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട് - നേവി മേധാവി യൂഡോ മാർഗോണോ വ്യക്തമാക്കി. അതേസമയം, അന്തർവാഹിനി എവിടെയാണ് തകർന്നതെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കപ്പലിൽ ജീവന്റെ അടയാളങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾ ഇപ്പോഴും പ്രതീക്ഷയിലാണ്.

ഇന്ത്യയും ആസ്ട്രേലിയയും സിംഗപ്പൂരുമടക്കമുള്ല രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

യുദ്ധക്കപ്പലുകളും ഹെലികോപ്റ്ടറുകളും 400 ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കാളികളായിരുന്നു. ബുധനാഴ്ച ബാലി ദ്വീപിന് സമീപത്ത് വച്ചാണ് കപ്പൽ അവസാനമായി സമുദ്രോപരിതലത്തിലെത്തിയത്. ഇതിനു ശേഷം അന്തർവാഹിനിയുമായുള്ള ആശയവിനിമയം നഷ്ടമായി.

 അപകടകാരണം വ്യക്തമല്ല

അന്തർവാഹിനി മുങ്ങിത്താഴാനുള്ല കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്തർവാഹിനിയുടെ ഇന്ധനടാങ്കിൽ പ്രശ്നമുണ്ടായതാണ് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ചയോടു കൂടി അന്തർവാഹിനിയിലെ ഓക്സിജൻ ശേഖരം തീരുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കപ്പൽ അവസാനമായി സമുദ്രോപരിതലത്തിൽ എത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പ്രദേശത്ത് കടലിൽ ഒരു എണ്ണപ്പാട കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് അന്തർവാഹിനിയിൽ നിന്നു തന്നെയാണോ എന്നു വ്യക്തതയില്ല. അന്തർവാഹിനിയിൽ ഉണ്ടായ വിള്ളലിലൂടെ എണ്ണ പുറത്തെത്തിയതോ പേടകത്തിന്റെ ഭാരം കുറച്ച് ഉപരിതലത്തിൽ എത്താനായി നാവികര്‍ ഇത് തുറന്നു വിട്ടതോ ആകാമെന്നാണ് കരുതപ്പെടുന്നത്.
സുരക്ഷിതമായി 200 മീറ്റര്‍ വരെ ആഴത്തിൽ പോകാൻ കഴിയുന്ന വിധമാണ് കെ.എർ.ഐ നഗംല നിർമിച്ചിരിക്കുന്നത്. എന്നാൽ, ഇതിലും ആഴത്തിൽ പോയാൽ വെള്ളത്തിന്റെ മർദ്ദം മൂലം പേടകം തകരാൻ സാദ്ധ്യതയുണ്ട്. 600 - 700 മീറ്റര്‍ ആഴത്തിൽ വച്ച് അന്തർവാഹിനി തകർന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

ഏപ്രിൽ 21ന് ബാലിയിൽ നിന്ന് 96 കി.മി അകലെ നിന്ന് കാണാതായി - പ്രദേശത്തിന്റെ ആഴം - 600 - 700 എം

 കെ.ആർ.ഐ നംഗല 402
ജർമ്മൻ നിർമ്മിതം,​ കാക്ര ക്ലാസ്,​ ടൈപ്പ് - 209/1300
ഡീസൽ - ഇലക്ട്രിക് ആക്രമണ അന്തർവാഹിനി
ഡിസ്പ്ലേസ്മെന്റ് - 1,​395 ടോൺസ്

 നീളം - 59.5 മീറ്റർ
വീതി - 6.3 മീറ്റർ
ഉയരം - 5.5 മീറ്റർ
വേഗം - 400 കി.മി/ എച്ച്
റേഞ്ച് - 12,​000 കി.മി
എട്ട് ടോർപീഡോ ട്യൂബുകൾ

 നാല് ഡീസൽ എൻജിനുകൾ

 മുങ്ങുമ്പോൾ ഇലക്ട്രിക് ബാറ്ററികൾ ഉപയോഗിച്ച് പ്രവ‌ർത്തിക്കുന്നു

 കൊളാപ്സ് ഡെപ്ത് - 200 മീറ്റർ