സൂറത്ത്: കൊവിഡ് കാലത്ത് ചിലര്‍ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെയാണ്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നും പുറത്ത് വരുന്നത്. നാലു മാസം ഗര്‍ഭിണിയാണ് നാന്‍സി അയേസ മിസ്‌ത്രി എന്ന നഴ്‌സ്. ഇതിന് പുറമേ റംസാൻ നോമ്പും അവര്‍ നോക്കുന്നുണ്ട്. എന്നിട്ടും വീട്ടില്‍ ലീവ് എടുത്തിരിക്കാന്‍ നാന്‍സി തയ്യാറല്ല.
കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം എത്ര മാത്രം വിലപ്പെട്ടതാണ് എന്ന് അവര്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് ഡ്യൂട്ടിയില്‍ ഹാജരാകാന്‍ അവർ ഒരു മടിയും കാണിച്ചില്ല. നാന്‍സിയുടെ ഈ പ്രവര്‍ത്തി അവരെ ഇപ്പോള്‍ ഗുജറാത്തില്‍ സ്റ്റാറാക്കി. അടല്‍ കൊവിഡ് സെന്ററില്‍ എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ ഒരു മടിയും കൂടാതെ നാൻസി ജോലിയെടുക്കും. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവർ പറയുന്നത് എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ്. പുണ്യ റംസാന്‍ മാസത്തില്‍ രോഗികളെ പരിചരിക്കാൻ തനിക്ക് അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും നാൻസി പറഞ്ഞു.