കിണർ വെള്ളം മലിനമാകുന്നു
ആര്യനാട്: പരുത്തിപ്പള്ളി- കുറ്റിച്ചൽ റോഡിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിച്ച ഓട കലുങ്കിലേക്ക് തുറന്നു വിട്ടതോടെ അഴുക്കു വെള്ളവും ചവറും വീട്ടു മുറ്റങ്ങളിൽ നിറയുന്നത് നാട്ടുകാർക്ക് വിലയ ദുരിതമായി.
പരുത്തിപ്പള്ളി ഗുരു മന്ദിരത്തിനും പരുത്തിപ്പള്ളി ഹോട്ടലിനും നടുവിലെ കലുങ്കിലേക്കാണ് റോഡിന് ഇരുവശത്തെയും ഓട തുറന്നു വിട്ടിരിക്കുന്നത്. ഇവിടെ നിന്ന് കഷ്ടിച്ച് മുന്നൂറു മീറ്റർ മാറി അഴുക്കുചാൽ തോട് പോകുന്നുണ്ട്. ഇതിലേക്ക് കണക്ടു ചെയ്യാതെ, പതിനഞ്ചോളം വീടുകളും ഗ്രന്ഥശാലയും സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് അഴുക്കുവെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ ഓട തുറന്നു വിട്ടിരിക്കയാണ്.
കഴിഞ്ഞ ദിവസത്തെ മഴയിൽ ഓടയിലൂടെ കലുങ്കിലേക്കൊഴുകിയെത്തിയ വെള്ളം കെട്ടിനിന്ന് ഒരു വീടിന്റെ ചുമർ നിലം പൊത്തുകയും ചെയ്തു. മലിനജലം കിണറുകളിൽ ഇറങ്ങി കുടിവെള്ളവും മുട്ടുന്ന അവസ്ഥയാണ്.
ഓട നിർമ്മാണ വേളയിൽ, തോട്ടിലേക്ക് വിടണമെന്ന് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിട്ടും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കലുങ്ക് തോടിനെക്കാൾ താഴ്ന്ന ഭാഗത്തായതിനാൽ അതിലേക്ക് ഓട തുറന്നു വിടുന്നതാണ് തങ്ങൾക്ക് സൗകര്യമെന്നു പറഞ്ഞ് കൈയൊഴിഞ്ഞത്രെ.
"മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണം. മഴ പെയ്യുമ്പോൾ ഇത് കിണറുകളിലിറങ്ങി കുടിവെള്ളത്തിന് വല്ലാത്ത നാറ്റമാണ്."
വിവേകാന്ദൻ, എസ്.എൻ.ഡി.പി യോഗം
പരുത്തിപ്പള്ളി ശാഖാ മുൻ സെക്രട്ടറി