covid

ഇസ്ലാമാബാദ്: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും. കൊവിഡ് ബാധിതർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ജനതയ്ക്ക് സഹായം നല്‍കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കണമെന്ന ഞങ്ങളുടെ പ്രാര്‍ത്ഥനകൾ മഹാമാരിയലടകപ്പെട്ട എല്ലാവരിലേക്കും പോകുന്നു. ഈ ആഗോള വെല്ലുവിളിയ്ക്കെതിരെ നാം ഒരുമിച്ച് പോരാടണം - ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു.

പാക് മന്ത്രിസഭാംഗങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ നമ്മുടെ പ്രാർത്ഥന ഇന്ത്യൻ ജനതയ്‌ക്കൊപ്പമാണ്. ദൈവം കരുണ കാണിക്കട്ടെ, ഈ കഠിന സമയം ഉടൻ അവസാനിക്കട്ടെ - പാക് ഐ.ടി മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ സേവനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രമുഖ പാക് മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.