modi

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ഉത്പാദനം വർദ്ധിപ്പിച്ചു. നിലവിൽ 7100 ടൺ ഓക്‌സിജനാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 3300 ടൺ ഓക്‌സിജൻ കൂടി ഉത്പാദിപ്പിക്കാനാണ് തീരുമാനം. മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമായ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെ കൊവിഡ് പിടിമുറുക്കിയ 20 സംസ്ഥാനങ്ങൾക്ക് പ്രതിദിനം 6822 ടൺ ഓക്സിജനാണ് വേണ്ടത്.

കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഏപ്രിൽ 12 ന് ഇന്ത്യയിലെ ഓക്‌സിജൻെറ ആവശ്യം 3842 ടൺ ഓക്സിജൻ മാത്രമായിരുന്നു. 2-3 ആഴ്ച മുമ്പ് ആസൂത്രണം ചെയ്യുകയായിരുന്നെങ്കിൽ ഡൽഹിയിലെ ഓക്സിജൻ ക്ഷാമം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉദ്പാദന കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സമയത്ത് ഓക്‌സിജൻ വേണ്ടിടത്ത് എത്തിക്കാൻ കഴിയാതിരുന്നതാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം.

ലിൻഡ് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മിക്ക വ്യവസായിക ഓക്‌സിജൻ കമ്പനികളുടെയും ഓക്‌സിജൻ ഉത്പാദനം ആശുപത്രികളിലേക്ക് മാത്രമാക്കി മാറ്രിയിട്ടുണ്ട്. ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെതുടർന്ന് സൈന്യം ജർമ്മനിയിൽ നിന്ന് 23 മൊബൈൽ ഓക്‌സിജൻ ഉദ്പാദന പ്ലാന്റുകൾ ഇറക്കുമതി ചെയ്തു കഴിഞ്ഞു.

ദ്രവരൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകുന്നതിനായി ടാറ്രാ കമ്പനി വിദേശത്ത് നിന്ന് 24 സ്പെഷ്യൽ ലിക്വിഡ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്തു. റോഡ് മാർഗവും റെയിൽ മാർഗവുമാണ് സിലിണ്ടറുകൾ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്കെത്തിക്കുന്നത്. ഫാക്‌ടറികളിൽ നിന്ന് 1000ലധികം കിലോ മീറ്രർ പിന്നിട്ടാണ് ട്രെയിൻ വഴി സിലിണ്ടറുകൾ ഡൽഹിയിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ട്രെയിനുകൾ തന്നെ സർവീസ് നടത്തുന്നുണ്ട്. കൊൽക്കത്ത, അസൻസോൾ, ജാംഷഡ് പൂർ, റൂർക്കല തുടങ്ങിയ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് ഓക്‌സിജൻ ഫാക്‌ടറികൾ കൂടുതലുള്ളത്. വ്യോമസേന വിമാനങ്ങൾ വഴിയാണ് കാലി സിലിണ്ടറുകൾ തിരിച്ച് ഉത്പാദന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.