uttar-pradesh

ന്യൂഡൽഹി: ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പ്രതിദിന കൊവി‌ഡ് കണക്കിൽ ഉത്തർപ്രദേശ് മുന്നിലെത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഏപ്രിൽ 30 ആവുമ്പോഴേക്കും യു.പി.യിൽ പ്രതിദിന രോഗികളുടെ എണ്ണം 1,​19,​000 ആവുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അവതരിപ്പിച്ച അടുത്ത ആഴ്ചത്തേക്കുള്ള പ്രൊജക്ഷനിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് ഇതവതരിപ്പിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിലുളള മഹാരാഷ്ട്രയെ ഉത്തർപ്രദേശ് മറികടക്കും. കൊവിഡ് രോഗ ചെയിൻ പൊട്ടിച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 30ന് പ്രതീക്ഷിക്കുന്ന പ്രതിദിന രോഗികളുടെ കണക്കും യോഗത്തിൽ പുറത്തുവിട്ടു.

മഹാരാഷ്ട്ര- 99,​605 ,​ ഡൽഹി- 67,​134,​ ഛത്തീസ്‌ഗഢ്- 61,​474,​ രാജസ്ഥാൻ- 55,​096,​ മദ്ധ്യപ്രദേശ്- 46,756,​ കേരളം- 38,657,​ കർണാടകം-38,​371,​ തമിഴ്നാട്- 26,​416,​ ഗുജറാത്ത്- 25,​440 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന കണക്കുകൾ. അതേ സമയം കൊവിഡ് രൂക്ഷമായ ഈ പത്ത് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ചികിത്സിക്കാൻ മതിയായ പശ്ചാത്തല സൗകര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അടുത്ത ആഴ്ചയാവുമ്പോഴേക്കും ഡൽഹിയിലും യു.പിയിലും ഓക്സിജൻ സൗകര്യമുള്ള 16,​000 ഐസോലേഷൻ കിടക്കകളുടെയും 2500 ഐ.സി യൂണിറ്റുകളുടെയും കുറവുണ്ടാകും. ചികിത്സാ സൗകര്യക്കുറവുണ്ടാകുമ്പോൾ മരണ സംഖ്യ കൂടും. ഇതേ തുടർന്ന് കേന്ദ്രം പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കി. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ ഉടൻ വ‌ർദ്ധിപ്പിക്കുക,​ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളെക്കൊണ്ട് കൂടുതൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാനം.

കൊവിഡ് ബാധയുടെ തീവ്രതയനുസരിച്ച് സ്ഥലങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 15ന് മുകളിലുള്ള ജില്ലകളെയും നഗരങ്ങളെയും ഉയർന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 10നും 15നും ഇടയിലുള്ളവ ഇടത്തരം പട്ടികയിലും 10ന് താഴെയുള്ള താഴ്ന്ന പട്ടികയിലുമാണ് പെടുത്തിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പൊതുവായി ഉള്ളത് ടെസ്റ്റ്,​ ട്രീറ്റ്,​ ട്രെയിസ്, ​കണ്ടെയിൻ,​ വാക്സിനേറ്റ് എന്നിവയാണ്.

ഉയർന്ന വിഭാഗത്തിലുള്ള പട്ടണങ്ങളിലും ജില്ലകളിലും ലോക്ക് ഡൗൺ കൊണ്ടുവരിക,​ ഇടത്തരം പട്ടികയിലെ സ്ഥലങ്ങളെ കണ്ടെയിൻ മെന്റ് സോണുകളാക്കി നിയന്ത്രണങ്ങൾ കൊണ്ടുവരാനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. മൂന്നാമത്തെ സ്ഥലങ്ങളിൽ പൊതുവായി ഉള്ള ടെസ്റ്റ് നടത്തുക, ചികിത്സ നടത്തുക,​ ​ സ്രോതസ് കണ്ടെത്തുക,​ രോഗം ഇല്ലാതാക്കുക,​ വാക്സിനേറ്റ് ചെയ്യുക എന്നിവയിലൊതുക്കാമെന്നുമാണ് നിർദ്ദേശം.