തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൊവിഡ് വ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ പരിഭ്രാന്തി സൃഷ്‌ടിക്കുന്ന സാഹചര്യം കേരളത്തിലില്ല. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ഇത്തരക്കാർക്കെതിരെ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജനങ്ങൾ കൊവിഡ് കാല ജാഗ്രത പുലർത്തണം. ആൾക്കൂട്ടം ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനും,സ്വയം വീഴ്‌ചകൾ വരുത്താതെ ശ്രദ്ധിക്കുകയും വേണമെന്നും ജനം ജാഗ്രത കാട്ടിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തി. കൊവിഡ് പ്രതിരോധത്തിന് പൂർണ പിന്തുണ സ്വകാര്യ ആശുപത്രികൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്‌ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിടക്കകളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കൂട്ടണം. ഓരോ ദിവസവുമുണ്ടാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ ആരോഗ്യ വകുപ്പ് മേധാവിയെ അറിയിക്കണം. ഗുരുതരാവസ്ഥയിൽ രോഗികൾ വന്നാൽ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനത്തിന് കഴിയണം. അനിവാര്യ ഘട്ടത്തിൽ ഡി.എം.ഒ ആവശ്യപ്പെട്ടാൽ മികച്ച ഡോക്‌ടർമാരെയും നഴ്‌സുമാരെയും കൊവിഡ് ചികിത്സയിൽ പ്രാവീണ്യം നേടിയവരുടെ സേവനം നൽകാൻ ആശുപത്രികൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐസിയുകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. അറ്റകുറ്റപണി നടത്തി പ്രവർത്തിക്കാൻ തയ്യാറാക്കണം. അംബുലൻസ് ഉടമകളും സേവന ദാതാക്കളും യോജിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 108 ആംബുലൻസുകൾ, ഐഎംഎ, സ്വകാര്യ ആംബുലൻസ് എന്നിവ യോജിച്ച് പ്രവർത്തിക്കണം. ഇപ്പോൾ കൊവിഡേതര ചികിത്സയും ആശുപത്രികൾ ഉറപ്പാക്കണം.
പാലക്കാട് ചിറ്റൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ കുതിരയോട്ട മത്സരം സംഘടിപ്പിച്ച സംഭവത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്‌തതായും പ്രതികളായ 258 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കുതിര ഓട്ടക്കാരായ 57 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണ്. ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപർവതത്തിനു മുകളിലാണ് നമ്മൾ ഇരിക്കുന്നതെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ നമ്മളേവരും സ്വയം ഏറ്റെടുക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.