വാഷിംഗ്ടൺ: ഒളിംമ്പിക്സ് ചാംമ്പ്യനും ഡെക്കാത്ലൺ താരവുമായ കേറ്റ്‌ലിൻ ജന്നർ കാലിഫോർണിയൻ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. റിപ്ലബിക്കൻ പാർട്ടി അംഗമായ ജന്നർ വിജയിച്ചാൽ, ഈ പദവിയിലെത്തുന്ന ആദ്യ ട്രാൻസ് ജെൻഡർ വ്യക്തിയായി മാറും. മത്സരത്തിന് നാമനിർദ്ദേശം നൽകിയെന്നും കാമ്പെയ്ൻ ഉടൻ ആരംഭിക്കുമെന്നും കെയ്റ്റ്ലിൻ പറഞ്ഞു. ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്നെഗർ റിപ്പബ്ലിക്കൻ ബാനറിൽ വിജയിച്ച ശേഷം കാലിഫോർണിയയിൽ മത്സരിക്കുന്ന രാഷ്ട്രീയത്തിൽ പരിചയമില്ലാത്ത വ്യക്തിയെന്ന പ്രത്യേകതയും ജന്നറിനുണ്ട്. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാതിരുന്നിട്ടും ഷ്വാർസ്നെഗർ നീണ്ട ഏഴു വർഷം ഗവർണറായി മികച്ച സേവനം കാഴ്ചവച്ചിരുന്നു. പക്ഷേ, ജന്നറിന് വിജയ സാദ്ധ്യത കുറവാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. 1976ലെ മോൺട്രിയാൽ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ജന്നർ 2015ലാണ് തന്റെ സ്വത്വം വെളിപ്പെടുത്തുന്നത്. ബ്രൂസ് ജന്നർ എന്നായിരുന്നു കേറ്റ്‌ലിന്റെ പഴയപേര്. കേറ്റ്‌ലിന്റെ മുൻ ഭാര്യയാണ് ടെലിവിഷൻ താരമായ ക്രിസ് കർദാഷിയാൻ. സൂപ്പർ മോഡലുകളും ടെലിവിഷൻ താരങ്ങളുമായ കെനഡൽ ജന്നറും കയ്‌ലി ജന്നറും ഈ ബന്ധത്തിലുണ്ടായ മക്കളാണ്.