oxygen-cylinder

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.

മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസും ഒഴിവാക്കുക. ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ക്കും മൂന്നുമാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോ​ഗികളുടെ പരിചരണത്തിന് ആവശ്യമായ സാമഗ്രികളുടെയും വിതരണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ഓക്‌സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.